ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ ബാധിതര്‍ ലക്ഷത്തില്‍ 7.9 എന്ന തോതിലാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 39.62 ശതമാനമായി ഉയര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചു. ലോകത്ത് ലക്ഷത്തില്‍ 62 പേരാണ് രോഗബാധിതരാകുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ കൊറോണ ബാധിച്ചവരില്‍ 2.9 ശതമാനം കേസുകളില്‍ മാത്രമെ ഓക്‌സിജന്റെ പിന്തുണ ആവശ്യമായി വരുന്നുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 3 ശതമാനം ആളുകള്‍ക്ക് മാത്രമെ ഐസിയുവിലുള്ളു. 0.45 ശതമാനം ആളുകളാണ് വെന്റിലേറ്ററിന്റെ സഹായം തേടുന്നതെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. ലോകത്ത് ലക്ഷത്തില്‍ 4.2 പേരാണ് വൈറസ് ബാധ മൂലം മരണമടയുന്നത്. അതേസമയം രാജ്യത്തെ കൊറോണ മരണ നിരക്ക് 0.2 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ആദ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 7.1 ശതമാനമായിരുന്നു രാജ്യത്തെ രോഗമുക്തി നേടുന്നവരുടെ നിരക്ക്. രണ്ടാം ലോക്ക് ഡൗണ്‍ കാലം ആയപ്പോഴേക്കും ഇത് 11.42 ആയി ഉയര്‍ന്നു. പിന്നീടത് 26.59 ശതമാനമായി വര്‍ധിച്ചു. ഇപ്പോള്‍ രോഗമുക്തി നേടുന്നവരുടെ നിരക്ക് 39.62 ശതമാനത്തിലെത്തി നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് 42,298 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും 61,149 പേര്‍ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.