കൊറോണ ഭേദമായവര്‍ക്ക് വീണ്ടും വരാന്‍ സാധ്യതയുണ്ടോ? ഏവരുടെയും സംശയമാണ് ഇത്. ഇക്കാര്യത്തില്‍ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെയാണ് .
സാധാരണയായി വൈറസിനെ അതിജീവിച്ചു കഴിഞ്ഞാല്‍ ശരീരം ലിംഫോസൈറ്റ്സ് എന്ന സെല്ലുകളെ സൂക്ഷിച്ചിരിക്കും. വീണ്ടും വൈറസ് സാന്നിധ്യമുണ്ടായാല്‍ മുമ്ബ് തങ്ങള്‍ ചെറുത്ത വൈറസിനെ ഈ സെല്ലുകള്‍ ഓര്‍ത്തെടുത്ത് പെട്ടെന്നു പ്രതികരിക്കും.
തുടര്‍ന്നു രോഗലക്ഷണങ്ങള്‍ ആരംഭിക്കും മുമ്ബു തന്നെ വൈറസിനെ ഇല്ലാതാക്കുകയും ചെയ്യും. ഇതോടെ ശരീരം ഈ വൈറസിന് എതിരായി പ്രതിരോധം നേടുകയാണു ചെയ്യുന്നത്. വാക്സിനുകളുടെ പ്രവര്‍ത്തനത്തിനു പിന്നിലും ഇതേ തത്വം തന്നെയാണുള്ളത്.
എന്നാല്‍ ചില ഘട്ടങ്ങളില്‍ പ്രതിരോധസംവിധാനം തികവുറ്റതല്ലെങ്കില്‍ വീണ്ടും വൈറസ് ബാധയ്ക്കു സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തില്‍ കൂടുതല്‍ ആന്റിബോഡികളും ലിംഫോസൈറ്റ് സെല്ലുകളും ഉത്പാദിപ്പിക്കാന്‍ വീണ്ടും വാക്സിനേഷന് (ബൂസ്റ്റര്‍ ഷോട്ട്സ്) അനിവാര്യമാകുന്നത് ഈ ഘട്ടത്തിലാണ്.
കൊറോണ വൈറസ് പുതുതായതിനാല്‍ രോഗവിമുക്തിയുണ്ടായവര്‍ക്കു വീണ്ടും വൈറസ് ബാധയ്ക്കു സാധ്യതയുണ്ടോ എന്ന് ഗവേഷകര്‍ക്ക് കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. രോഗബാധയുള്ളവരിലും ഭേദമായവരിലും ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എത്രനാള്‍ ഈ പ്രതിരോധ ശേഷി നീണ്ടുനില്‍ക്കും എന്നതാണു ചോദ്യം. സാര്‍സ്, മെര്‍സ് വൈറസുകള്‍ക്കെതിരെ ശരീരം ആര്‍ജിക്കുന്ന പ്രതിരോധ ശേഷി കുറച്ചു നാള് നീണ്ടു നില്‍ക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യാറാണ്ട്.
ഇതുതന്നെയാവും കൊറോണയുടെ കാര്യത്തിലും സംഭവിക്കുകയെന്നാണ് ഗവേഷകരുടെ വിശ്വാസം. എന്നാല്‍ കൃത്യമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമായിട്ടില്ല. രോഗവിമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതോടെ രോഗവ്യാപന സാധ്യതയും കുറയും. ഈ ഘട്ടത്തില്‍ ഐസലേഷന്‍ നിരക്ക് കുറയുകയും സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്നും യുഎസിലെ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.