തിരുവനന്തപുരം: കൊല്ലം തൃക്കോവില്‍വട്ടം പുതുച്ചിറ പെരുങ്കുളം ഏലായില്‍ തോടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കൊറ്റങ്കര അംബദ്കര്‍ കോളനിക്ക് സമീപം പുത്തന്‍വീട്ടില്‍ തങ്ങള്‍ കുഞ്ഞിന്റെ (57) മൃതദേഹമാണ് കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഏലായിലേക്ക് നടന്നുപോകുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്ബതിനുശേഷം കൈയില്‍ തൂക്കിയ പ്ലാസ്റ്റിക് കവറും കന്നാസുമായി ഏലായുടെ ഉള്‍ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും തീ പടരുന്ന ദൃശ്യങ്ങളുമാണ് സമീപത്തെ നിരീക്ഷണ കാമറയില്‍നിന്ന് പൊലീസിന് ലഭിച്ചത്.
ദൃശ്യങ്ങള്‍ മരണമടഞ്ഞ തങ്ങള്‍കുഞ്ഞിന്റെ മകനെ കാണിക്കുകയും ദൃശ്യങ്ങള്‍ പിതാവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് തങ്ങള്‍ കുഞ്ഞിനെ ഏലാക്ക് സമീപമുള്ള ആറിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്ബ് ഇയാള്‍ ചില ബന്ധുവീടുകളിലെത്തി യാത്ര പറഞ്ഞ് പോയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദ ബാധിതനായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. മൃതദേഹ പരിശോധന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തി. പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായാണ് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതിനിടെയാണ് സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.