പത്തനംതിട്ട : കൊടുമണ്ണില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. ജുവനൈല്‍ കോടതിയാണ് ജാമ്യം നല്‍കിയത്. പത്താംക്ലാസ് പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ജുവനൈല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.കഴിഞ്ഞ മാസം 21 നാണ് അങ്ങാടിക്കല്‍ സുധീഷ് ഭവനത്തില്‍ അഖിലിനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
എറിഞ്ഞ് വീഴ്ത്തിയ ശേഷം കോടാലികൊണ്ട് വെട്ടിയാണ് ഇവര്‍ അഖിലിനെ കൊന്നത്. മരണം ഉറപ്പാക്കിയ ശേഷം അഖിലിനെ ഇരുവരും ചേര്‍ന്ന് മണ്ണിട്ട് മൂടുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും പിടിയിലായത്. സാമൂഹ്യ മാദ്ധ്യമത്തിലൂടെ കളിയാക്കിയതിലുള്ള വിരോധം മൂലമാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയത് എന്നാണ് വിദ്യാര്‍ത്ഥികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
സെന്റ് ജോര്‍ജ്ജ് മൗണ്ട് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും ഈ മാസം 26 ന് എസ്എസ്എല്‍സി പരീക്ഷയാണെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പത്തംതിട്ട ജുവനൈല്‍ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.