കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിലെ പ്രതികള്‍ സിപിഎമ്മുകാരും സിപിഐക്കാരുമാണെന്നും പ്രതി ചേര്‍ക്കപ്പെട്ടവരുടെ കോള്‍ ലിസ്റ്റ് പോലീസ് പരിശോധിക്കുന്നില്ലെന്ന് ബിജെപി.
കൊച്ചിയില്‍ നടക്കാനിരിക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കുമ്മനം രാജശേഖരന്‍ ആരോപണം ഉന്നയിച്ചത്.
കേസിലെ പ്രതികള്‍ക്ക് സിപിഎമ്മിന്റെയും സിപിഐയുടേയും ഉന്നത നേതാക്കളുമായി ബന്ധമുണ്ട്. എംഎല്‍എ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികള്‍. അവരെക്കുറിച്ച് വെളിപ്പെടുത്താന്‍ പോലീസ് എന്തുകൊണ്ട് വിമുഖത കാണിക്കുന്നുവെന്നും കുമ്മനം ചോദിച്ചു.
കേസില്‍ പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്നും ബിജെപിയെ അവഹേളിച്ച് ഒറ്റപ്പെടുത്തി നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
പ്രതികള കുറിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല?. അവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എന്തെല്ലാമാണ്? അവരുടെ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ച് പോലീസ് എന്തുകൊണ്ട് ബന്ധപ്പെടുന്നില്ല. അതിന്റെ പിന്നിലുള്ള ഗൂഢാലോചന, കരുനീക്കങ്ങള്‍, തയ്യാറെടുപ്പുകള്‍ എന്നിവ എന്തായിരുന്നുവെന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനില്ലേയെന്നും അദ്ദേഹം ചോദിച്ചു.
കുഴല്‍പ്പണക്കേസില്‍ ധര്‍മരാജന്‍ പരാതിക്കാരനാണ്. അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിച്ച് ആരെല്ലാം വിളിച്ചിട്ടുണ്ടോ അവരെയെല്ലാം തേടിപ്പിടിച്ച് ചോദ്യം ചെയ്യാന്‍ വിളിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും കുമ്മനം ചോദിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രന്‍റെ മകനെ ചോദ്യംചെയ്യാന്‍ പോകുന്നത് പാര്‍ട്ടിയെ അവഹേളിക്കാനാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്. വെല്ലുവിളി പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. ഇന്നുചേരുന്ന കോര്‍കമ്മിറ്റി എല്ലാ വിഷയവും വിശദമായി പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു.



