തിരുവനന്തപുരം: കോവിഡ് പരിശോധനാ സംവിധാനങ്ങൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലുദിവസം കൊണ്ടു പുതിയ നാലു ലാബ് പ്രവർത്തനസജ്ജമാകും. 14 ജില്ലയ്ക്ക് 14 ലാബ് എന്നതാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച ഇറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ചികിത്സയിലുള്ളവരിൽ 60 വയസിനു മുകളിലുള്ളവർ 7.5 ശതമാനം പേരാണ്. ഇരുപതിനു താഴെയുള്ളവർ 6.9 ശതമാനം. 1,36,195 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1,35,472 പേർ വീടുകളിലും 723 പേർ ആശുപത്രികളിലുമാണ്. വ്യാഴാഴ്ച 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 12,710 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 11,469 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാഴാഴ്ച 12 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ 4, കാസർഗോഡ് 4, കൊല്ലം, തിരുവനന്തപുരം ഒന്നുവീതം, മലപ്പുറം രണ്ട് എന്നിങ്ങനെയാണ് രോഗം സ്ഥിരികരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതിൽ 11 പേർക്ക് സന്പർക്കംമൂലമാണ് രോഗബാധയുണ്ടായത്. ഒരാൾ വിദേശത്തുനിന്ന് വന്നതാണ്.