ബംഗളൂരു | കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് 31 വരെ കര്‍ണാടക പ്രവേശന വിലക്ക് ഏര്‍പെടുത്തി. നാലാംഘട്ട ലോക്ഡൗണ്‍ സാഹചര്യത്തില്‍ ചേര്‍ന്ന ഉന്നതല സമിതി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നിവയാണ് പ്രവേശന വിലക്ക് ഏര്‍പെടുത്തിയ മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥനങ്ങളില്‍ നിന്നുള്ള ആഭ്യന്തര, വിദേശ യാത്രക്കാര്‍ക്ക് വിലക്ക് ബാധകമാണ്. സംസ്ഥാനനാന്തര യാത്രയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പരസ്പരം സഹകരിച്ച് തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് കര്‍ണാടക അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഉള്‍പ്പെടെ വാതിലുകള്‍ കൊട്ടിയടച്ചത്.
അതിനിടെ, ലോക്ഡൗണില്‍ പല ഇളവുകളും അനുവദിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. സാമൂഹിക അകല മാനദണ്ഡങ്ങള്‍ പാലിച്ച് ബസുകള്‍ ഓടിക്കുന്നതിന് അനുമതി നല്‍കി. ഒരു ബസില്‍ പരമാവധി 30 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബസ് അനുവദിക്കില്ല. ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ ഓല, യൂബര്‍ എന്നിവക്കും നാളെ മുതല്‍ സര്‍വീസിന് അനുമതി നല്‍കിയിട്ടുണ്ട്. പാര്‍ക്കുകള്‍ നാളെ മുതല്‍ തുറക്കാനും തീരുമാനമായി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ എല്ലാ കടകകളും തുറന്നുപ്രവര്‍ത്തിക്കാം. അതേസമയം, മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാശാലകള്‍, ജിം, സ്വിമ്മിംഗ് പൂള്‍ എന്നിവ അടഞ്ഞുകിടക്കും.
കര്‍ണാടകയില്‍ ഇതുവരെ 1231 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായ സാഹചര്യം നിലനില്‍ക്കെയാണ് ലോക്ഡൗണില്‍ കാര്യമായ ഇളവ് നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചത്.