തിരുവനന്തപുരം: നാലാംഘട്ട ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിരിക്കെ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സമൂഹവ്യാപനം പരിശോധിക്കാന്‍ സംസ്ഥാനത്ത് സീറോ സര്‍വേ തുടങ്ങി. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ട സര്‍വേ നടക്കുന്നത്. തിരിച്ചറിയപ്പെടാത്ത രോഗബാധിതര്‍ ഉണ്ടോ എന്നറിയാനുള്ള പരിശോധനയാണ് സീറോ സര്‍വേ.
ഇതിന്റെ ഭാഗമായി മൂന്നുജില്ലകളില്‍ നിന്നായി 1200 പേരുടെ രക്തപരിശോധന നടത്തും. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് സര്‍വേ നടത്തുന്നത്. നിലവില്‍ ലക്ഷണങ്ങളില്ലാത്തവരിലും രോഗബാധിതരുമായി നേരിട്ട് സമ്ബര്‍ക്കമില്ലാത്തവരിലുമാണ് പരിശോധന നടത്തുന്നത്. ജില്ലകളിലെ 10 പ്രദേശങ്ങളില്‍ 40 പേര്‍ വീതം 400 പേരുടെ രക്തം പരിശോധിക്കും.
കൊവിഡിനെതിരായുള്ള ആന്റിബോഡി ശരീരത്തില്‍ ഉണ്ടോ എന്നും ഇതിലൂടെ കണ്ടെത്താനാകും. സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണമായ പോത്തന്‍കോട് സ്വദേശിയുടേതുള്‍പ്പെടെ ലക്ഷണങ്ങള്‍ പ്രകടമാക്കാത്തതും ഉറവിടം കണ്ടെത്താത്തതുമായ കേസുകളുടെ പശ്ചാത്തലത്തിലാണ് സീറോ സര്‍വേ നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. കൊവിഡിന്റെ രണ്ടാം ഘട്ടത്തില്‍ 30 ഓളം പേര്‍ക്ക് രോഗമുണ്ടായതെങ്ങനെയെന്ന് കണ്ടെത്താനും ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല.
നാളിതുവരെയില്ലാത്തവിധം രാജ്യത്തെ കൊവിഡ് നിരക്ക് കഴിഞ്ഞദിവസം വര്‍ദ്ധിക്കുകയും വിദേശത്തുനിന്നുള്‍പ്പെടെ തീവ്രബാധിത മേഖലകളില്‍ നിന്ന് നാട്ടിലെത്തുന്നവരില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൊവിഡിന്റെ മൂന്നാംഘട്ടത്തെ ആശങ്കയോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നാളിതുവരെ പിഴവില്ലാതെ പ്രവര്‍ത്തിച്ച സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൈവിട്ടുപോകാത്ത വിധം ക്വാറന്റൈന്‍ നടപടികളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമാണ് സീറോ സര്‍വേ.