തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ പലയിടത്തും ശക്തമായ കാറ്റും ഇടിമിന്നലോടു കൂടിയ മഴയും രണ്ടു ദിവസം കൂടി തുടരും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തുമെന്നും ചൊവ്വാഴ്ച രാവിലെയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ (ഭാവ്‌നഗര്‍ ജില്ല ) തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ചൊവ്വാഴ്ച വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ബുധനാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.



