തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരും , ലോക്ഡൗണിനു ശേഷം സ്ഥിതിഗുരുതരമെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ താഴ്ന്നു തുടങ്ങിയ കേരളത്തിന്റെ കോവിഡ് ഗ്രാഫ് വീണ്ടും ഉയര്‍ന്നു.. ഈ മാസം ആദ്യം തുടര്‍ച്ചയായ ദിവസങ്ങളില്‍ പൂജ്യത്തിലെത്തിയ പുതിയ രോഗികളുടെ എണ്ണം വരുംദിവസങ്ങളിലും വര്‍ധിക്കാനിടയുണ്ടെന്നാണു സൂചന. എന്നാല്‍, ക്വാറന്റീന്‍ കര്‍ശനമായി നടപ്പാക്കുന്നുവെങ്കില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സമ്ബര്‍ക്കംവഴിയുള്ള രോഗബാധ വര്‍ധിക്കുന്നതു ഗൗരവത്തോടെ കാണണമെന്നു വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി.

മേയ് 1ന് പുതിയ രോഗികള്‍ ഉണ്ടായിരുന്നില്ല. ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ എണ്ണം 102 ആയിരുന്നു. 8ന് ഇത് 16 വരെയായി താഴ്ന്നു. പിന്നീട് ഉയര്‍ന്ന് ഇന്നലെ 64 ആയി. സമ്ബര്‍ക്കത്തിലൂടെ രോഗം പകരുന്നതു വര്‍ധിക്കുന്നുവെന്നാണു കണക്കുകള്‍. ഇന്നലെ മാത്രം 11 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

പുതിയ രോഗികളില്‍ 40% സമ്ബര്‍ക്കത്തിലൂടെ ബാധിച്ചവരാണ്. കേരളത്തില്‍ ഇതുവരെയുള്ള രോഗികളില്‍ 380 പേര്‍ വിദേശത്തു നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയവരാണ്. ഇവരില്‍ നിന്നു രോഗം പകര്‍ന്ന 170 പേരില്‍ 90% കുടുംബാംഗങ്ങളാണ്.