സംസ്ഥാനത്ത് കൊവിഡ് മരണം പത്തായി. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ടായിരുന്ന മാവൂര്‍ സ്വദേശി സുലേഖ(55) ഇന്നലെ രാത്രി മരിച്ചതോടെയാണ് എണ്ണം പത്തായത്. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉംറ കഴിഞ്ഞ് വന്ന ഇവര്‍ക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഹൃദ്രോഗിയായ ഇവര്‍ക്ക് കടുത്ത രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.
മെയ് 21ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ സുലേഖയും ഭര്‍ത്താവും കോഴിക്കോട് ഒരു ടൂറിസ്റ്റ് ഹോമില്‍ പെയ്ഡ് ക്വാറന്റീനിലായിരുന്നു. പിന്നീട് ശാരീരിക അസാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി. ശേഷം ഇവരെ വീട്ടിലേക്ക് വിടുകയും ചെയ്തു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സുലേഖയ്ക്ക് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് മെയ് 25ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സ്രവപരിശോധന നടത്തിയത്.
മെയ് 27ന് റിസല്‍ട്ട് ലഭിച്ചപ്പോള്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണിത്. നേരത്തെ കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന മലപ്പുറം, കണ്ണൂര്‍, വയനാട് സ്വദേശികള്‍ മരിച്ചിരുന്നു. നിലവില്‍ 34 കോഴിക്കോട് സ്വദേശികളാണ് ജില്ലയില്‍ ചികിത്സയിലുളളത്. സംസ്ഥാനത്ത് ഇനി 670 പേരാണ് കൊവിഡിനെ തുടര്‍ന്ന് ചികിത്സയിലുളളത്. നേരത്തെ രോഗം സ്ഥിരീകരിച്ച 590 പേര്‍ കൊവിഡില്‍ നിന്നും മുക്തി നേടി.