തിരുവനന്തപുരം: ജൂണ്‍ എട്ട് മുതല്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഏതെല്ലാം നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. സംസ്ഥാന സാഹചര്യമനുസരിച്ച് ഇളവുകളില്‍ നീക്കുപോക്ക് നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ നടപ്പാക്കുന്നത് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി മാത്രമായിരിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, കേരളത്തില്‍ ചിലപ്പോള്‍ അത് നീട്ടിയേക്കും. കേന്ദ്രം നല്‍കിയ ഇളവുകളെ കുറിച്ച് തിങ്കളാഴ്‌ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കും. അതിനുശേഷമായിരിക്കും സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇളവുകളെ കുറിച്ച് അന്തിമ തീരുമാനത്തിലെത്തുക.
നേരത്തെയും കേന്ദ്രം നല്‍കിയ ഇളവുകള്‍ സംസ്ഥാനത്ത് അതേപടി നടപ്പിലാക്കിയിട്ടില്ല. പൊതുഗതാഗതം ആരംഭിക്കാനും മദ്യവില്‍പ്പനയ്‌ക്കും കേന്ദ്രം നേരത്തെ ഇളവ് പ്രഖ്യാപിച്ചതാണ്. എന്നാല്‍, സംസ്ഥാനത്ത് ഉടന്‍ നടപ്പിലാക്കിയില്ല. കേന്ദ്രം ഇളവ് നല്‍കിയിട്ടും കേരളത്തില്‍ ചില മേഖലകളില്‍ നിയന്ത്രണം തുടരുകയായിരുന്നു. സാമൂഹ്യവ്യാപനം ചെറുക്കാനാണ് നിയന്ത്രണം ശക്തമായി തുടരുന്നതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.
ജൂണ്‍ എട്ട് മുതല്‍ വിപുലമായ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. നാലാം ഘട്ടം ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ രാജ്യത്ത് തീവ്ര രോഗ ബാധിത പ്രദേശങ്ങളില്‍ മാത്രമാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. കണ്ടെയ്‌ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ ഘട്ടം ഘട്ടമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം തീവ്ര രോഗബാധിത പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
മൂന്ന് ഘട്ടങ്ങളിലായാണ് തീവ്രബാധിത പ്രദേശങ്ങളല്ലാത്ത സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരിക.
ഒന്നാം ഘട്ടം
-
- ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മത കേന്ദ്രങ്ങളും തുറക്കാം.
- ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ജൂണ്‍ എട്ട് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം
- ഷോപ്പിങ് മാളുകള്‍ക്കും ജൂണ്‍ എട്ട് മുതല്‍ പ്രവര്‍ത്തനാനുമതി
രണ്ടാം ഘട്ടം
സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷം സ്കൂള്‍, കോളെജ് ഉള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും ജൂലൈ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാം.
From 01.06.2020
●Within Containment Zones, #Lockdown restrictions to continue till 30.06.2020
●#Unlock1 All activities to be relaxed in phased manner outside containment zones, as per @MoHFW_INDIA guidelines
●States may impose restrictions/prohibit activities as per assessment
മൂന്നാം ഘട്ടം
സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം താഴെപറയുന്ന മറ്റ് കാര്യങ്ങളും പുഃനരാരംഭിക്കും
-
-
- രാജ്യാന്തര വിമാന യാത്ര
- മെട്രോ റെയില്‍
- സിനിമ ഹാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയം.
- സാമൂഹിക/രാഷ്ട്രീയ/കായിക/സാംസ്കാരിക/മത ഒത്തുചേരലുകള്‍
-
അതേസമയം, യാത്രാ ട്രെയിനുകളുടേയും ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളുടേയും ആഭ്യന്തര വിമാന യാത്രയുടേയും വിദേശത്തുനിന്നും പ്രവാസികളെ തിരിച്ചിക്കുന്ന വിമാന സര്‍വീസുകളുടേയും മേലുള്ള നിയന്ത്രണം തുടരം. അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. യാത്രയ്ക്ക് പ്രത്യേക അനുമതിയോ പാസുകളോ ആവശ്യമില്ല. എന്നാല്‍ പൊതുജനാരോഗ്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക്/ കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് തീരുമാനിക്കാം.
ഇന്ത്യയില്‍ കുടുങ്ങിയിട്ടുള്ള വിദേശികളെ തിരികെ കൊണ്ടുപോകുന്നതിലും നിയന്ത്രണം തുടരും. ഇന്ത്യന്‍ നാവിക സേന നടത്തുന്ന ഒഴിപ്പിക്കലുകളുടേയും നിയന്ത്രണം തുടരും. അയല്‍ രാജ്യങ്ങളുമായുള്ള കരാര്‍ പ്രകാരം ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നതിനെ സംസ്ഥാനങ്ങളോ കേന്ദ്ര ഭരണപ്രദേശമോ തടയാന്‍ പാടില്ല.
രാജ്യത്ത് രാത്രികാല കര്‍ഫ്യൂവിലും മാറ്റം. ഇപ്പോള്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ രാത്രികാല സഞ്ചാരത്തിന് വിലക്കുണ്ട്. ഇനിമുതല്‍ രാത്രി 9 മുതല്‍ രാവിലെ അഞ്ച് വരെ മാത്രമായിരിക്കും രാത്രികാല കര്‍ഫ്യൂ. ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് വേണ്ട പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നു.
65 വയസ്സിന് മുകളിലുള്ളവരും മാരക രോഗങ്ങളുള്ളവരും ഗര്‍ഭിണികളും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീട്ടില്‍ തന്നെ തുടരണം. ഇവര്‍ അവശ്യ, ആരോഗ്യ സാഹചരങ്ങളില്‍ മാത്രമേ പുറത്ത് സഞ്ചരിക്കാവൂ. ആരോഗ്യ സേതു ആപ്പ് എല്ലാ ജീവനക്കാരും ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കണം. വ്യക്തികളും ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്ത് അവരുടെ ആരോഗ്യ സ്ഥിതി പതിവായി അപ്‌ഡേറ്റ് ചെയ്യാന്‍ ജില്ലാ അധികാരികള്‍ ഉപദേശിക്കണം. ഇതിലൂടെ അവശ്യ സമയങ്ങൡ മെഡിക്കല്‍ സഹായം നല്‍കാന്‍ കഴിയും. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ നിര്‍ദ്ദേശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല.