കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ നാളെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. വിദ്യാര്‍ഥികളും ആരോഗ്യ പ്രവര്‍ത്തകരും അടക്കം ട്രെയിനിനായി നിരന്തര ആവശ്യമുയര്‍ത്തിയ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് റെയില്‍വെ ട്രെയിന്‍ അനുവദിച്ചത്. രാജസ്ഥാനില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കായി നാളെ കേരളത്തിലേക്ക് ട്രെയിന്‍ ഉണ്ടാകും.

നാളെ വൈകിട്ട് 5 മണിക്ക് ട്രെയിന്‍ പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. പരിശോധന രാവിലെ മുതല്‍ ആരംഭിക്കും. ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റുള്ളവര്‍ക്കും ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ട്രെയിന്‍ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ 17ആം തീയതി കേരളത്തിലേയ്ക്ക് നടന്നു പോകുമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെയടക്കം മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ റെയില്‍വെയുമായി അടിയന്തര ഇടപെടല്‍ നടത്തിയത്.

അതേസമയം നാളെ രാജസ്ഥാനില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെടും. രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള മലയാളികള്‍ക്കായാണ് പ്രത്യേക നോണ്‍ എസി ട്രെയിന്‍ സര്‍വ്വീസ്. ഇവരുടെ യാത്രാ ചെലവ് രാജസ്ഥാന്‍ സര്‍ക്കാര്‍ വഹിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജയ്പൂരില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. രാജസ്ഥാനില്‍ ജയ്പൂരിന് പുറമേ ചിറ്റോര്‍​ഗഡിലും ട്രെയിന്‍ നിര്‍ത്തും. യാത്രക്കാര്‍ അറിയിക്കുന്നതനുസരിച്ച്‌ റെയില്‍വെ സ്റ്റേഷനില്‍ എത്താന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.