വൈദ്യുതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പിന്‍വലിക്കണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയെ സഹായിക്കാനുള്ള നിയമഭേദഗതി സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ വൈദ്യുതി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുമെന്ന് മന്ത്രി കെ കെ കൃഷ്ണന്‍കുട്ടി അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.
ഭരണഘടന പ്രകാരം സംസ്ഥാനത്തിനുകൂടി നിയമനിര്‍മാണത്തിന് അവകാശമുള്ള വിഷയത്തില്‍ നിയമം കൊണ്ടുവരുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ട്. 2020 ജൂലൈയില്‍ വിളിച്ച സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വിയോജിപ്പ് അറിയിച്ചിരുന്നു. സംസ്ഥാനങ്ങളുമായി ആലോചിച്ചേ അന്തിമ തീരുമാനമെടുക്കൂവെന്ന് പറഞ്ഞതാണ്. ഇപ്പോള്‍ അപകടകരമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഭേദഗതിയുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രം.
വൈദ്യുതിവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സിന്റെ ആവശ്യമില്ലെന്നതാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശം. നിലവിലുള്ള ലൈന്‍ ഉപയോഗിച്ച് വൈദ്യുതി കൊണ്ടുപോകാന്‍ കമ്പനികളെ അനുവദിക്കും. ലൈനുകളുടെ നിര്‍മാണത്തില്‍ കമ്പനിക്ക് ബാധ്യതയില്ല. നഷ്ടം വന്നാല്‍ ഇട്ടിട്ടുപോകാം. എല്ലാവര്‍ക്കും വൈദ്യുതി നല്‍കണമെന്നും വ്യവസ്ഥയില്ല. സാധാരണക്കാര്‍ക്കും ഗ്രാമീണമേഖലയിലും ധനശേഷി കുറഞ്ഞ മേഖലകളിലും വൈദ്യുതി വിതരണം സര്‍ക്കാരിന്റെ മാത്രം ബാധ്യതയാകും. വരുമാനമുള്ള മേഖലകള്‍ സ്വകാര്യമേഖലയ്ക്കാകും. ഇത് സാധാരണക്കാര്‍ക്ക് മിതമായ നിരക്കിലുള്ള വൈദ്യുതി നിഷേധിക്കും. ഈ പരിഷ്കാരം നടപ്പാക്കിയെടുത്തെല്ലാം ഇതാണ് അനുഭവം. ഈ സാഹചര്യത്തില്‍ കേന്ദ്രം നിയമഭേദഗതി പിന്‍വലിക്കണമെന്ന് നിയമസഭ ആവശ്യപ്പെട്ടു.



