കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയ്ക്ക് ശേഷം അത്തരത്തിലുള്ള മറ്റൊരു കൊലപാതക ശ്രമം കൂടി നടന്നതിന്റെ ഞെട്ടലിലാണ് കേരളം. വിദഗ്ധമായി ആസൂത്രണം ചെയ്ത് വര്‍ഷങ്ങളുടെ ഇടവേളകളിലാണ് കൂടത്തായില്‍ ജോളി കൊലപാതകം നടത്തിയത്. കാസര്‍കോട് ബളാലിലെ കൊലപാതകത്തിനും കൂടത്തായി കേസിനും സമാനതകള്‍ ഏറെയുണ്ട്. ജോളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ ആല്‍ബിന്‍ തന്റെ കുടുംബത്തെ ഒന്നാകെ വകവരുത്താന്‍ പദ്ധതി തയാറാക്കിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ജോളിയെ പോലെ കൃത്യമായ പ്ലാനിങ്ങോടെ കൊല നടത്താനാനായിരുന്നു ശ്രമം.

മുന്‍പും പല രീതികള്‍ തെരഞ്ഞെടുത്തെങ്കിലും അവയൊക്കെ പാളുമെന്ന് കണ്ടതോടെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മാസങ്ങളുടെ പ്ലാനിങ്ങിന് ശേഷമാണ് ഐസ്ക്രീമില്‍ എലിവിഷം ചേര്‍ത്ത് കൊല ചെയ്യാമെന്ന് ഉറപ്പിച്ചത്. ലഹരിക്കടിമയായിരുന്നു ആല്‍ബിന്‍. തന്റെ ഇഷ്ടാനുസരണം ജീവിക്കാന്‍ കുടുംബം തടസ്സമാണെന്ന് കണ്ടതോടെയാണ് കൂട്ടക്കൊല മെനയാന്‍ ആല്‍ബിന്‍ തീരുമാനിച്ചത്. എല്ലാവരെയും വകവരുത്തി നാലരയേക്കര്‍ ഭൂമി സ്വന്തമാക്കി അത് വിറ്റ് നാട് വിടാമെന്നായിരുന്നു യുവാവിന്റെ പ്ലാന്‍.