ആലപ്പുഴ: വിഭാഗീയതയെ തുടര്‍ന്ന് കുട്ടനാട്ടില്‍ സിപിഎം പ്രവർത്തരുടെ കൂട്ട രാജി. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചു. ഒരുമാസത്തിനിടെ കുട്ടനാട്ടില്‍ നിന്ന് 250 ലേറെപ്പേരാണ് പാര്‍ട്ടിയിൽ നിന്നും രാജി സമർപ്പിച്ചത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50പേര്‍ നേരത്തെ രാജി വച്ചിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെക്കത്ത്ടെ 30പേരാണ് രാജി സമർപ്പിച്ചിരിക്കുന്നത്. നാളെ മന്ത്രി സജി ചെറിയാന്‍റെ  നേതൃത്വത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ സമ്മേളനകാലത്തോടെയാണ് കുട്ടനാട്ടിൽ സിപിഎം പ്രവർത്തകർക്കിടയിൽ വിഭാഗീയത രൂക്ഷമായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ് സെറ്റ് നല്‍കിയപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സി ഡി എസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് തുടങ്ങിയ വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി പാര്‍ട്ടി വിരുദ്ധമായി ഇടപെട്ടതായി ഒരു കൂട്ടര്‍ ആരോപിക്കുന്നു. ഇതിന്‍റെ എല്ലാം ഫലമായാണ് കൂട്ടരാജിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്.