ഇരുന്ന മന്ത്രിക്കസേരയില്‍ നിന്ന് ഗണേശ് കുമാറിന് ഒരിക്കല്‍ ഇറങ്ങേണ്ടി വന്നതും പിന്നീടത് തിരിച്ചുകിട്ടാതിരുന്നതും കുടുംബപ്രശ്നം കാരണമാണ്. ഇപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യ രണ്ട് വര്‍ഷക്കാലം ഉറപ്പായിരുന്ന മന്ത്രി സ്ഥാനം നഷ്ടമാക്കിയതും കുടുംബപ്രശ്നമാണ്.

ഇത്തവണ ഒരുപക്ഷെ അഞ്ച് വര്‍ഷക്കാലവും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കാന്‍ സാദ്ധ്യതയുള്ളതായിരുന്നു. കഴിഞ്ഞതവണ ജയിക്കുമ്ബോള്‍ എല്‍.ഡി.എഫ് സംവിധാനവുമായി പൂര്‍ണമായി ഇഴുകിച്ചേര്‍ന്നിരുന്നില്ല. ഇതിന് ശേഷം എല്‍.ഡി.എഫ് നേതൃത്വവുമായി ഗണേശ് കുമാര്‍ കൂടുതല്‍ അടുത്തതോടെ കേരളാ കോണ്‍ഗ്രസ് (ബി) അതിവേഗം എല്‍.ഡി.എഫിന്റെ ഭാഗവുമായി. അതുകൊണ്ട് തന്നെ ഉറപ്പായിരുന്ന മന്ത്രിസ്ഥാനമാണ് വില്‍പത്രവുമായി ബന്ധപ്പെട്ട് സഹോദരി നല്‍കിയ പരാതിയില്‍ ഗണേശ് കുമാറിന് നഷ്ടമായത്.

പ്രശ്നപരിഹാരം തേടിയാണ് സഹോദരി സി.പി.എം സംസ്ഥാന നേതാക്കളെ സമീപിച്ചത്. പിതാവ് ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തില്‍ ഗണേശ് കുമാര്‍ കൃത്രിമം കാട്ടിയെന്നാണ് സഹോദരിയുടെ പരാതി. കഴിഞ്ഞ ആഗസ്റ്റില്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയെന്ന് പറയുന്ന വില്‍പത്രത്തില്‍ മൂന്ന് മക്കള്‍ക്കും രണ്ട് ചെറുമക്കള്‍ക്കും ബാലകൃഷ്ണപിള്ള ട്രസ്റ്റിനുമാണ് സ്വത്തുകള്‍ പകുത്തുനല്‍കിയിട്ടുള്ളത്.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ബാലകൃഷ്ണപിള്ള മറ്റൊരു വില്‍പത്രം തയ്യാറാക്കിയിരുന്നു. അന്ന് ഗണേശ് കുമാറുമായി ബാലകൃഷ്ണപിള്ള അകല്‍ച്ചയിലായിരുന്നു. അതുകൊണ്ട് തന്നെ ഗണേശ് കുമാറിന് സ്വത്തുക്കള്‍ നല്‍കിയിരുന്നില്ല. അത് റദ്ദാക്കിയാണ് ഇപ്പോഴത്തെ വില്‍പത്രം തയ്യാറാക്കിയതെന്നാണ് ബാലകൃഷ്ണപിള്ളയുടെ ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. എന്നാല്‍ പുതിയ വില്‍പത്രം കൃത്രിമമായി ചമച്ചതാണെന്നാണ് മറ്റൊരു ആരോപണം.

തുടക്കത്തില്‍ തന്നെ മന്ത്രിസഭയിലെ ഒരംഗം വിവാദത്തില്‍പ്പെടുന്നത് ഒഴിവാക്കാനാണ് ഗണേശ് കുമാറിന് മന്ത്രിസ്ഥാനം രണ്ടരവര്‍ഷത്തിന് ശേഷമാക്കിയത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ഗണേശ് കുമാറിന്റെ മന്ത്രി സ്ഥാനം നഷ്ടമാക്കിയത് ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ്. ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തി വീണ്ടും മന്ത്രി സ്ഥാനത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ ഉമ്മന്‍ചാണ്ടിയുമായി തെറ്റിപ്പിരിഞ്ഞാണ് ഗണേശ് കുമാര്‍ എല്‍.ഡി.എഫിലെത്തിയത്.