കേരളസര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ലക്ഷ്യം കൊവിഡ് മൂലമുളള മരണം കുറക്കണമെന്നാണെന്ന് ആരോ​ഗ്യ മന്ത്രി കെ.കെ ശൈലജ. ഒന്നായാലും പതിനായിരമായാലും മരണം മരണമാണ്. കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം മനസ്സിലാകൂ. അത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അമേരിക്കയിലെ അവസ്ഥയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കുറച്ചു നാളായി ഉയരുന്ന ഹെര്‍ഡ് ഇമ്മ്യൂണിറ്റി വാദത്തെയും മന്ത്രി തള്ളിക്കളഞ്ഞു. ‘രണ്ട് ചോദ്യമാണുള്ളത് മരണം കുറക്കണോ വേണ്ടയോ. അതോ ആളുകളെയെല്ലാം മരണത്തിനു വിട്ട് ഹെര്‍ഡ് ഇമ്മ്യൂണിറ്റി ഉണ്ടാക്കണോ’, ആരോഗ്യ മന്ത്രി ചോദിച്ചു. സമൂഹത്തിലാകെ കൊവിഡ് പടര്‍ന്ന് മരിക്കേണ്ടവര്‍ മരിച്ച്‌ അല്ലാത്തവര്‍ അതിജീവിച്ച്‌ രോഗം വന്നാല്‍ ചികിത്സിച്ച്‌ മാറ്റുന്ന ഹേര്‍ഡ് ഇമ്മ്യൂണിറ്റി എന്ന വാദത്തോട് യോജിക്കാനാവില്ലെന്ന് തുടര്‍ന്ന് മന്ത്രി വ്യക്തമാക്കി.

ട്രംപ് ആദ്യ ഘട്ടത്തില്‍ പറഞ്ഞത് എല്ലാവര്‍ക്കും വരട്ടെ എന്നാണ്. ഒന്നും നിരോധിക്കേണ്ട എന്നാണ്. പക്ഷെ അവരും നിലപാട് മാറ്റി രോഗം വന്ന് 85,000 പേര്‍ ഒരു രാജ്യത്ത് മരിക്കുക എന്നത് നമുക്കെങ്ങനെ സങ്കല്‍പിക്കാനാവും. കേരളത്തില്‍ വന്ന് ഒരുമാസം കഴിഞ്ഞിട്ടാണ് ന്യൂയോര്‍ക്കില്‍ വന്നത്. അവിടെ ഒരു സിറ്റിയില്‍ 20,000ത്തിലധികം പേര്‍ മരിച്ചു.

രോഗം അടങ്ങി എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കും വരെ ഇന്ത്യ പൂര്‍ണ്ണമായും രോഗവിമുക്തമാകും വരെ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ട്. മതപരമായ ചടങ്ങുകള്‍ വിവാഹ ചടങ്ങുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മകള്‍ എന്നിവ അതുവരെ നടത്താന്‍ പറ്റില്ല. രണ്ടും കല്‍പിച്ച്‌ എന്ന നിലപാട് എന്തായാലും കേരളമെടുക്കില്ല. ചിട്ടയോടെ ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കുക. ഇത്തരത്തില്‍ കര്‍ശന നിര്‍ദേശം പാലിച്ചതുകൊണ്ടാണ് കേരളത്തില്‍ മരണസംഖ്യ മൂന്നില്‍ ഒതുക്കിനിര്‍ത്താനായത്. മറ്റ് വലിയ രോഗങ്ങളുള്ളതുകൊണ്ടാണ് ആ മൂന്ന് പേരും മരിച്ചത്. ചെറിയ അശ്രദ്ധ കാണിച്ചാല്‍, രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ എത്ര നല്ല ഡോക്ടര്‍മാരും നഴ്സുമാരും ഉണ്ടായിട്ട് കാര്യമില്ല. നല്ല ചികിത്സ നല്‍കാന്‍ കഴിയില്ല. 3,000 ആരോഗ്യപ്രവര്‍ത്തകരെ കേരളത്തില്‍ പുതുതായി റിക്രൂട്ട് ചെയ്തു.പക്ഷെ അതിനെല്ലാം പരിധിയുണ്ട്.

രോഗം മൂര്‍ച്ചിച്ചാലും ശ്വാസം മുട്ടിയാലും വീട്ടിലിരുന്നാല്‍ മതി എന്ന നിലപാട് പല ലോകരാജ്യങ്ങളും എടുത്തത്‌ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതിനാലാണ്. പലരും വീട്ടിലിരുന്ന് ശ്വാസം മുട്ടി മരിച്ചു. മുംബൈയും ചെന്നൈയും ആ അവസ്ഥയിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തിലേക്ക് പോവാതിരിക്കാനാണ് നാം കൂട്ടായി പരിശ്രമിക്കുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.