കിറ്റെക്‌സിനെതിരെ പ്രതിപക്ഷ എം.എല്‍.എമാര്‍ മുഖ്യന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ കിറ്റെക്‌സ് കമ്ബനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എം.എല്‍.എമാരായ തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്, എറണാകുളം എം.എല്‍.എ ടി.ജെ വിനോദ്, പെരുമ്ബാവൂര്‍ എം.എല്‍.എയായ എല്‍ദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്‍ എന്നിവര്‍ നല്‍കിയ കത്താണ് പുറത്തായിരിക്കുന്നത്.

ആറു നിയമലംഘനങ്ങളാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ആധുനിക മലിനീകരണ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കമ്ബനി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല. വ്യവസ്ഥ ലംഘിച്ചുകൊണ്ട് കമ്ബനി മലീനികരണം നടത്തുകയാണ്. ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ കിറ്റെക്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം.

കഴിഞ്ഞമാസം ഒന്നിന് നിയമസഭയില്‍ കടമ്ബ്രയാര്‍ നദിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് പി.ടി. തോമസിന്റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസം ജൂണ്‍ രണ്ടിനാണ് നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.