കാൽഗറി: ഇന്ത്യൻ മലങ്കര ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ രൂപതയിലുള്ള കാനഡ കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ നിർമാണ ശിലാസ്ഥാപന കർമം ഈ മാസം 29നു ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാർ ഇവാനിയോസ് നിർവഹിക്കുന്നു.
രാവിലെ 8.30ന് വിശുദ്ധ കുർബാനയും തുടർന്ന് കല്ലിടിൽ കർമ്മവും നടത്തപ്പെടുന്നു. എല്ലാവരുടെയും പ്രാർഥനകളും സാന്നിധ്യ സഹകരണങ്ങളും സാദരം അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു.
ലോകത്തെവിടെ ചെന്നാലും സ്വന്തമായി ഒരു ദേവാലയം ആരംഭിക്കുക എന്ന സഭാമക്കളുടെ അതിയായ ആഗ്രഹ ഫലമായിട്ടാണ് കാൽഗറി ദേശത്തും ഒരു ഇടവക ആരംഭിച്ചത്. 2002 ൽ ഒരു സഭയായി തുടങ്ങിയ കൂട്ടായ്മ എട്ട് വർഷകാലം മാസത്തിൽ ഒരു കുർബാന മാത്രം നടത്തിപ്പോരുകയായിരുന്നു.
2010 ഓടു കൂടി കൂട്ടായ്മ ഒരു പൂർണ ഇടവകയാവുകയും തുടർന്ന് അഭ്യൂതപൂർവമായ വളർച്ചയിൽ കൂടി ഇടവക മുൻപോട്ട് പോവുകയും ചെയ്തു. ഇപ്പോൾ ഏകദേശം നൂറിലധികം കുടുംബങ്ങൾ ഇടവകയിൽ പ്രവർത്തിക്കുന്നു. കാനഡയിലും ഇന്ത്യയിലുമായി വിവിധ തരത്തിലുള്ള സാമൂഹ്യ സാമ്പത്തിക സഹായങ്ങൾ ഈ ഇടവക നടത്തി വരുന്നു.
2015ൽ ഇടവക സ്വന്തമായി വസ്തു വാങ്ങുകയും 2019 ൽ അതിന്റെ സോണിംഗും 2020 ൽ നിർമാണ അനുമതിയും ലഭിച്ചു. 2023ൽ ഏർലി വർക്സ് നടത്തി. ഒരു വർഷത്തിനുള്ളിൽ ദേവാലയ നിർമാണം പൂർത്തീകരിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. എല്ലാവരുടെയും പ്രാർഥനകൾ അഭ്യർഥിക്കുന്നു.
ഇടവക വികാരി ഫാ. ജോർജ് വറുഗീസ്, ട്രഷറർ ഇവാൻ ജോൺ, സെക്രട്ടറി അശോക് ജോൺസൺ, കൺസ്ട്രിക്ഷൻ കൺവീനിർ ജോ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ദേവാലയ നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നു.