കാർഷിക പരിഷ്‌കരണ ബില്ലുകളിൽ ഇന്ന് രാജ്യസഭയിൽ നിർണായക ബലപരീക്ഷണം. ബില്ലുകളുമായി മുന്നോട്ട് പോകാൻ സുപ്രധാന തിരുമാനമെടുത്ത കേന്ദ്രസർക്കാർ അംഗബലം കണക്കുകളിൽ തികയ്ക്കാൻ ചെറുകക്ഷികളെ കേന്ദ്രീകരിച്ച് നടത്തുന്നത് നിർണായക നീക്കങ്ങളാണ്.

ചരിത്രത്തിലാദ്യമായാണ് ഞായറാഴ്ച പാർലമെന്റ് സമ്മേളനം ചേരുന്നത്. രാജ്യസഭയിൽ മൂന്ന് കാർഷിക പരിഷ്‌കരണ ബില്ലുകളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച സർക്കാർ ബില്ലുകൾ ഇന്ന് സഭയിൽ അവതരിപ്പിക്കും. ബില്ലിന്റെ ചർച്ചയ്ക്ക് നാല് മണിക്കൂർ മാറ്റി വച്ചിട്ടുണ്ട്. അംഗങ്ങളുടെ കണക്കനുസരിച്ച് ബില്ലുകൾ രാജ്യസഭ കടത്തുക സർക്കാരിന് വെല്ലുവിളിയാകും.

ആകെ ഇപ്പോഴുള്ള 242 അംഗങ്ങളിൽ അകാലി ദളിനെ ഒഴിച്ചാൽ ട്രഷറി ബഞ്ചിലുള്ളത് 110 പേർ മാത്രമാണ്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് ആവശ്യപ്പെട്ട് പന്ത്രണ്ട് പാർട്ടികൾ സംയുക്തമായി തയാറാക്കിയ അപേക്ഷ ചെയർമാന് കൈമാറി. എന്നാൽ ബില്ലുകൾക്ക് രാജ്യസഭയിലും ഭീഷണി ഒന്നും ഇല്ലെന്നാണ് ബിജെപി നിലപാട്.

 

സർക്കാർ പക്ഷത്തുള്ള 110 പേർക്ക് ഒപ്പം 24 അംഗങ്ങൾ ആകെയുള്ള എഐഎഡിഎംകെയും ബിജെഡിയും ഉപരിസഭയിൽ സർക്കാരിനെ പിന്തുണയ്ക്കും. ബില്ലിനെതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബിഎസ്പി വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ഇത് സർക്കാരിന് അനുകൂലമാകും. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പത്ത് എംപിമാർക്കും വോട്ട് ചെയ്യാനാകില്ല. മൂന്ന് അംഗങ്ങൾക്കും ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ അകാലി ദൾ വിപ്പ് നൽകിയിട്ടുണ്ട്. ടിആർഎസ് ബില്ലിന് എതിരായ പ്രതിപക്ഷനിരയിൽ അണിചേരുമെന്ന് വ്യക്തമാക്കി. ഒരു സാഹചര്യത്തിലും ബില്ല് രാജ്യസഭയിൽ പാസാകാതിരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അകാലി ദൾ വ്യക്തമാക്കി.