ലക്‌നൗ : ഉത്തർപ്രദേശിൽ കള്ളക്കടത്ത് തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരും നേപ്പാളി പൗരന്മാരും തമ്മിൽ ഏറ്റുമുട്ടി. പിലിഭിത്ത് ജില്ലയിലെ സുന്ദർ നഗർ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

അതിർത്തിയിലെ ചെക്‌പോസ്റ്റിൽ വെച്ച് സഷസ്ത്ര സീമ ബൽ ഉദ്യോഗസ്ഥരും നേപ്പാളി പൗരന്മാരുമായാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നൗജൽഹാ ഗ്രാമവാസിയായ വിക്രം ചക്രബർത്തി അതിർത്തി വഴി ഉത്തർപ്രദേശിലേക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ കടത്താൻ ശ്രമിച്ചത് ഉദ്യോഗസ്ഥർ തടയുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്.

സംഭവം അറിഞ്ഞ് ഒരു കൂട്ടം നേപ്പാളി പൗരന്മാർ അതിർത്തിയിൽ എത്തുകയും, പ്രദേശത്തേക്കുള്ള വെള്ളത്തിന്റെ വിതരണം തടസ്സപ്പെടുത്തുകയും ചെയ്തു. ഇവരെ നിയന്ത്രിക്കാനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് എത്തിയതോടെ അന്തരീക്ഷം സംഘർഷഭരിതമാകുകയായിരുന്നു.

പ്രദേശത്ത് എത്തിയ ഉദ്യോഗസ്ഥരെ നേപ്പാളി പൗരന്മാർ കയ്യേറ്റം ചെയ്തു. ചില ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ഇവർ മോഷ്ടിച്ചതായാണ് വിവരം.