കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ന് നിരാഹാര സത്യഗ്രഹം. എല്ലാ കര്‍ഷക സംഘടനകളുടെയും നേതാക്കള്‍ ഒന്‍പത് മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് നിരാഹാരമിരിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നിരാഹാരമിരിക്കുക. സിംഗു അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളില്‍ നേതാക്കള്‍ക്കൊപ്പം കര്‍ഷകരും സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കും.

രാജ്യവ്യാപകമായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും ധര്‍ണ സംഘടിപ്പിക്കും. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിരാഹാരസമരം നിശ്ചയിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുജനങ്ങളും നിരാഹാരം അനുഷ്ഠിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, ആറാം വട്ട ചര്‍ച്ചയ്ക്കുള്ള തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍, കര്‍ഷക നേതാക്കളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും കൈലാഷ് ചൗധരി കൂട്ടിച്ചേര്‍ത്തു.