ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപവത്കരിച്ചു. ക്യാപ്റ്റന്‍ എസ്.എസ്. ചാഹര്‍ ആണ് അന്വേഷണസമിതി തലവന്‍. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ്(എഎഐബി) ആണ് അന്വേഷണസമിതി രൂപവത്കരിച്ചത്.
ഓപറേഷന്‍സ് എക്സ്പേര്‍ട്ട് വേദ് പ്രകാശ്, സീനിയര്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ മുകുള്‍ ഭരദ്വരാജ്, ഏവിയേഷന്‍ മെഡിക്കല്‍ എക്സ്പേര്‍ട്ട് ക്യാപ്റ്റന്‍ വൈ.എസ്. ദഹിയ, എ.എ.ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജസ്ബീര്‍ സിങ് ലര്‍ഗ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. അഞ്ചു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഓഗസ്റ്റ് ഏഴിനുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാരുള്‍പ്പെടെ 18 പേര് മരിച്ചു. ദുബൈയില്‍നിന്ന് 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം റണ്‍വേയില്‍നിന്ന് തെന്നിനീങ്ങി താഴേക്ക് പതിക്കുകയായിരുന്നു.