ന്യൂഡല്‍ഹി: അപകട ഭീഷണിയുയര്‍ത്തുന്ന ടേബിള്‍ ടോപ് വിമാനത്താവളത്തിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായ കരിപ്പൂര്‍ വിമാനത്താവളം. സമുദ്ര നിരപ്പില്‍ നിന്നും 104 മീറ്റര്‍ ഉയരത്തിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 18 പേരുടെ ജീവനെടുത്ത അപകടത്തിലൂടെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാ കാര്യങ്ങള്‍ കൂടി ചര്‍ച്ചയാകുകയാണ്.

വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന് യോജിച്ച രീതിയിലുള്ളതല്ല കോഴിക്കോട് വിമാനത്താവളമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ താന്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സിവില്‍ ഏവിയേഷന്‍ സേഫ്റ്റി കൗണ്‍സിലിന്റെ ചെയര്‍മാന് സമര്‍പ്പിച്ചിരുന്നുവെന്നാണ് എയര്‍ സേഫ്റ്റി വിദഗ്ധനായ ക്യാപ്റ്റന്‍ രംഗനാഥന്‍ പറയുന്നത്. എന്നാല്‍, അന്നത്തെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 2020ല്‍ അപകടമുണ്ടാവുമെന്ന് പ്രവചിച്ചിരുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍ വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു. അവിടെ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞിട്ടുണ്ടെങ്കില്‍ അത് കൊലപാതകമാണ്, ക്രിമിനല്‍ കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘200 അടി താഴ്ചയുള്ള ചരിവുകളും റണ്‍വേയ്ക്ക് ഇരുപുറവുമായി അവിടെയുണ്ട്. അത് നല്ല ആഴത്തിലുള്ളതാണ്. അവിടെ എയര്‍ലൈനുകള്‍ പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും അന്ധമായാണ്,’ കാപ്റ്റന്‍ പറയുന്നു.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സേഫ്റ്റി അഡ്വൈസറി കമ്മിറ്റിയിലെ അംഗം കൂടിയാണ് ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍. ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇതുപോലെയുള്ള അപകടങ്ങള്‍ പാറ്റ്ന, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലുള്ള വിമാനത്താവളങ്ങളിലും സംഭവിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ വിമാനത്താവളങ്ങളിലൊന്നും മിനിമം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയില്ലെന്ന് ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ ചൂണ്ടിക്കാട്ടി.