പത്തനംതിട്ട: കനറാ ബാങ്ക് തട്ടിപ്പ് കേസില്‍ പിടിയിലായ വിജീഷ് വര്‍​ഗീസിനെ പത്തനംതിട്ടയില്‍ എത്തിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന വിജീഷ് വര്‍​ഗീസിനെ ബം​ഗളൂരുവിലെ വാടകവീട്ടില്‍ നിന്നാണ് പിടികൂടിയത്. പത്തനംതിട്ടയില്‍ എത്തിച്ച വിജീഷിനെ കൊവിഡ്  പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനാഫലം വരുന്നതനുസരിച്ച്‌ തിങ്കളാഴ്ച വൈകിട്ടോടെ തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും.

വിജീഷ് വര്‍​ഗീസിനൊപ്പം ഭാര്യ സൂര്യതാര വര്‍​ഗീസും ഇവരുടെ കുട്ടികളും ഉണ്ടായിരുന്നു. ഇവരെയും പൊലീസ് നാട്ടിലെത്തിച്ചു. പത്തനംതിട്ട കനറാ ബാങ്ക് (Canara Bank) ശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കായ വിജീഷ് വര്‍​ഗീസ് 8.13 കോടി രൂപയാണ് ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്. കൊല്ലം ആവണീശ്വരം സ്വദേശിയാണ് വിജീഷ് വര്‍​ഗീസ്. വന്‍ തട്ടിപ്പ് കണ്ടെത്തിയതോടെ വിജീഷ് വര്‍​ഗീസ് ഭാര്യയെയും മക്കളെയും കൂട്ടി ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ്  ഇറക്കിയിരുന്നു.

വിവിധ ഇടപാടുകാരുടെ പണമാണ് ഇയാള്‍ തട്ടിയെടുത്തത്. 14 മാസത്തിനിടെ 8.13 കോടി രൂപയോളമാണ് ഇയാള്‍ വിവിധ അക്കൗണ്ടുകളില്‍ നിന്നായി തട്ടിയെടുത്തത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച്‌ ബാങ്ക് അധിക‍ൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. 10 ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ട് ക്ലോസ് ചെയ്തതായി പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടായിരുന്നു ഇത്. ഇക്കാര്യം ബാങ്ക് മാനേജറെ അറിയിച്ചു. ഇത് ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മൊഴി നല്‍കി. തുടര്‍ന്ന് ബാങ്കിന്റെ കരുതല്‍ അക്കൗണ്ടില്‍ നിന്ന് പണം നല്‍കി പരാതി പരിഹരിച്ചു.

തുടര്‍ന്ന് ബാങ്ക് നടത്തിയ ഒരു മാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. ദീര്‍ഘകാലത്തെ ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിന്നും കാലാവധി കഴിഞ്ഞിട്ടും പിന്‍വലിക്കാത്ത അക്കൗണ്ടുകളില്‍ നിന്നുമാണ് വിജീഷ് വര്‍​ഗീസ് പണം തട്ടിയെടുത്തിരുന്നത്. പണം പിന്‍വലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുമതി നല്‍കേണ്ട ഉന്നത ഉദ്യോ​ഗസ്ഥരുടെ അസാന്നിധ്യത്തില്‍ അവരുടെ കമ്ബ്യൂട്ടര്‍ ഉപയോ​ഗിച്ചാണ് വിജീഷ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്.