ചൈനയുടെ പ്രകോപനം ഇന്ത്യയോടു മാത്രമല്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലു തവണയാണ് തായ്‌വാന്റെ വ്യോമാതിർത്തിക്കുള്ളിൽ ചൈനീസ് യുദ്ധവിമാനങ്ങൾ ചീറിപ്പാഞ്ഞത്. ഇപ്പോൾ ജപ്പാനിലും തായ്‌വാനിലുമുള്ള പ്രദേശങ്ങൾ ചൈന കയ്യടക്കാൻ ശ്രമിക്കുകയാണെന്നാണു രാജ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയെപ്പോലെ ചൈനയുടെ കടന്നുകയറ്റത്തെ പിടിച്ചുകെട്ടാൻ തന്നെയാണ് ജപ്പാന്റെയും തീരുമാനം. ചൈനയെ ലക്ഷ്യമിട്ട് മിസൈലുകൾ വിന്യസിക്കുന്നതിനോടൊപ്പം സൈന്യത്തിന്റെ എണ്ണവും വ്യോമ പ്രതിരോധ പ്രവർത്തനങ്ങളും ജപ്പാൻ വർധിപ്പിച്ചിതായാണ് റിപ്പോർട്ട്. ചൈനയുടെ പ്രകോപനം കണക്കിലെടുത്ത് ജൂൺ അവസാനത്തോടെ പാട്രിയോട് പിഎസി 3 എംഎസ്ഇ പ്രതിരോധ മിസൈൽ സംവിധാനം നാലു സൈനിക താവളങ്ങളിലായി വിന്യസിക്കുമെന്ന് ജപ്പാൻ അറിയിച്ചു. ഏത് ഹിറ്റ്–ടു–കിൽ മിസൈലുകളെയും പ്രതിരോധിക്കാൻ ശക്തിയുള്ളവയാണ് പിഎസി 3 എംഎസ്ഇ എന്നാണ് യുഎസ്, ജപ്പാൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

നിലവിൽ ജപ്പാനിൽ വിന്യസിച്ചിരിക്കുന്ന പാട്രിയോട് പിഎസി 3 മിസൈലുകൾക്ക് 70 കിലോമീറ്റർ വരെ പ്രഹരശേഷിയാണ് ഉള്ളത്. ഇത് കൂടുതൽ നൂതനമാക്കി 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ പാകത്തിനാണ് പിഎസി 3എംഎസ്ഇ രൂപകൽപന ചെയ്തിരിക്കുന്നത്. നവീകരിച്ച പി‌എസി 3 എം‌എസ്‌ഇ അതിന്റെ ഫയർ‌പവർ വർധിപ്പിക്കുന്നതിനൊപ്പം ഉയരവും പ്രകടനവും മെച്ചപ്പെടുത്തി.