കണ്ണൂര്‍: കണ്ണൂര്‍ ജില്ലയെ ആശങ്കയിലാഴ്ത്തി ഒരു കോവിഡ് മരണം കൂടി. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ നിന്ന് സമ്ബര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച പായം പഞ്ചായത്ത് പരിധിയില്‍പ്പെട്ട ഗോപി (65) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മരണമടഞ്ഞത്. ന്യൂമോണിയ ബാധിച്ചാണ് മരണം.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതിന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്വിരീകരിച്ചത്. ഇതോടെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ക്ഷീര കര്‍ഷകനായ ഇയാള്‍ക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മരം കടപുഴകി വീണ് ഇയാളുടെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സമീപ പ്രദേശത്തെ വീട്ടുകാരും ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സയിലിരിക്കെ ഇയാളുമായി സമ്ബര്‍ക്കത്തിലായവരും ഉള്‍പ്പെടെ മരിച്ച ഗോപിയുടെ സമ്ബര്‍ക്ക പട്ടികയില്‍ നൂറോളം പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.
മരിച്ച ഗോപിയുടെ ഭാര്യക്കും മകനും മകന്റെ ഭാര്യയ്ക്കും പേരക്കുട്ടിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാലുപേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു മകനും ഭാര്യയും പേരക്കുട്ടിയും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഗോപിയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌ക്കരിച്ചു.
ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ പുതുതായി 27 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 21 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1832 ആയി.