കണ്ണൂ‍ർ: കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽനിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കിണറ്റിൻ്റവിട ആമ്പിലാട് റോഡിന് സമീപം വഴിയരികിലെ പറമ്പിൽ നിന്നാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. കൂത്തുപറമ്പ് പോലീസ് നടത്തിയ പരിശോധയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസിനെ ഉദ്ധരിച്ചു മാതൃഭൂമി ഡോക് കോം റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം എരഞ്ഞോളി കുടക്കളത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു. കുടക്കളം സ്വദേശി വേലായുധൻ (85) ആണ് അതിദാരുണമായി മരിച്ചത്. ആളൊഴിഞ്ഞ വീടിനോട് ചേർന്നുള്ള പറമ്പിൽനിന്ന് തേങ്ങ പൊറുക്കുന്നതിനിടെ ലഭിച്ച സ്റ്റീൽ പാത്രം തുറക്കുന്നതിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. വേലായുധൻ്റെ ഇരു കൈപ്പത്തികളും തകർന്നിരുന്നു. വലതു കൈപ്പത്തി അറ്റുതൂങ്ങിയ നിലയിലായിരുന്നു. വയറിനും പരിക്കേറ്റിരുന്നു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീടിനടുത്തുള്ള പറമ്പിൽ തേങ്ങ ശേഖരിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്. കോൺഗ്രസ് നേതാവായ കണ്ണോളി മോഹൻദാസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വീടും പുരയിടവും. അദ്ദേഹത്തിൻ്റെ മരണശേഷം ഇതു പൂട്ടിയിട്ടിരിക്കുകയായിരുന്നു. ചുറ്റുമതിൽ ഇല്ലാത്തതു കാരണം ആർക്കും കയറി ഇറങ്ങാവുന്ന അവസ്ഥയിലായിരുന്നു.

സംഭവത്തിൽ തലശേരി എസിപിയുടെ നേതൃത്വത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്. കണ്ണൂരിൽ നിന്നെത്തിയ ബോംബ്, ഡോഗ് സ്ക്വാഡുകൾ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിനായിട്ടില്ല.