കണ്ണൂർ: കണ്ണൂർ ജില്ലയോട് തനിക്ക് പ്രത്യേക താൽപ്പര്യമുണ്ടെന്നും കണ്ണൂരും തനിക്ക് തരണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കണ്ണൂർ പയ്യാമ്പലത്ത് മാരാർജി സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരോട് തനിക്ക് താൽപ്പര്യമുണ്ടെങ്കിലും എല്ലാവരുടെയും വികസനമാണ് താൻ ലക്ഷ്യമിടുന്നത് ഒരു വിഭാഗത്തിനായി മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുക എല്ലാവരെയും ഒരു പോലെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഇകെ നായനാരുടെ കുടുംബവുമായി തനിക്ക് നേരത്തെ ബന്ധമുണ്ട് ഇതിന് മുൻപും ആ വീട്ടിൽ പോയിട്ടുണ്ട്. എന്നാൽ മാധ്യമങ്ങൾ അന്ന് ഇക്കാര്യം ചർച്ചയാക്കായില്ല. ഇപ്പോൾ മന്ത്രിയായതിനാലാണ് തന്‍റെ വരവും പോക്കും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി സ്ഥാപക നേതാവായ കെജി മാരാറുടെ സ്മൃതി മണ്ഡപത്തിൽ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തുകയും ഹാരമണിയിക്കുകയും ചെയ്തു.

ഇകെ നായനാരുടെ കല്യാശേരിയിലെ വീട്ടിലെത്തിയ സുരേഷ് ഗോപിയെ നായനാരുടെ സഹധർമ്മിണി ശാരദ ടീച്ചറാണ് സ്വീകരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സുരേഷ് ഗോപി കണ്ണൂർ കല്യാശ്ശേരിയിലെ ശാരദാസ് വീട്ടിൽ എത്തിയത്. ശാരദ ടീച്ചറും മകൻ കൃഷ്ണകുമാറും ചേർന്ന് മന്ത്രിയെ ഷാൾ അണിയിച്ചു. നേരത്തെ പല തവണ സുരേഷ് ഗോപി വീട്ടിൽ വന്നിട്ടുണ്ടെന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും ശാരദ ടീച്ചർ പറഞ്ഞു. ഉച്ച ഭക്ഷണത്തിന് ശേഷമാണ് അദ്ദേഹം വീട്ടിൽ നിന്ന് മടങ്ങിയത്.

നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്ത് നിന്നുള്ള പരിചയമാണ് സുരേഷ് ഗോപിയുമായുള്ളത്. ക്ളിഫ് ഹൗസിൽ നായനാരെ കാണാൻ അധികവും വരാറുണ്ടായിരുന്നു. അദ്ദേഹത്തിന് ഏറെ പ്രീയപ്പെട്ട മുഖ്യമന്ത്രിയാണ് നായനാരെന്നും സുരേഷ് ഗോപി പറയാറുണ്ടെന്ന് ശാരദ ടീച്ചർ പറഞ്ഞു. അച്ഛൻ എന്നാണ് സഖാവിനെ വിളിക്കാറുള്ളത് തനിക്ക് വലിയ ഇഷ്ടമായിരുന്നു നായനാരുടെ ഭരണമെന്ന് എപ്പോഴും പറയാറുണ്ട്.

രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധമാണ് സുരേഷിനോടും കുടുംബത്തിനോടുമുള്ളത്. തെരഞ്ഞെടുപ്പ് വിജയം അറിഞ്ഞപ്പോൾ വിളിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. ഭാര്യ രാധികയെ വിളിച്ചു സന്തോഷം പങ്കുവെച്ചു. എല്ലായ്പ്പോഴും സുരേഷ് തന്നെ വിളിക്കാറുണ്ടെന്നും ശാരദ ടീച്ചർ പറഞ്ഞു. മധുരം നൽകിയും കെട്ടിപ്പിടിച്ചും ഷാൾ പുതപ്പിച്ചുമാണ് ഇരുവരും സ്നേഹം പങ്കിട്ടത്. നാട്ടുകാരായ നൂറുകണക്കിനാളുകൾ സുരേഷ് ഗോപിയെ കാണാൻ ശാരദാസിൽ എത്തിയിരുന്നു.

കണ്ണൂരിലെത്തിയ സുരേഷ് ഗോപി മാടായിക്കാവും പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും സന്ദർശിച്ചിരുന്നു. പരിഗണന എംപിയുടെ പ്രവർത്തനങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ പിന്നെ മാത്രമേ ചെയ്യു തനിക്ക് ലഭിച്ച വകുപ്പുകൾ പഠിച്ച് ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്യും. മുത്തപ്പ ദർശനം നടത്തിയ അദ്ദേഹം നിവേദ്യം കഴിച്ചാണ് മടങ്ങിയത്.