തിരുവനന്തപുരം: ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7754.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്താകെ 211 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 20 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതോടെ ഓപ്പറേഷന് സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 50,836 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.
തമിഴ്നാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 26 ടണ്‍ കേടായ മത്സ്യമാണ് പിടിച്ചത്. കൊല്ലത്ത് 4700 കിലോയും കോട്ടയത്തു 2555 കിലോയും കേടായ മത്സ്യം പിടിച്ചു. തിരുവനന്തപുരം 13, കൊല്ലം 8, പത്തനംതിട്ട 8, ആലപ്പുഴ 38, കോട്ടയം 24, ഇടുക്കി 4, എറണാകുളം 28, തൃശൂര്‍ 23, പാലക്കാട് 5, മലപ്പുറം 23, കോഴിക്കോട് 17, വയനാട് 5, കണ്ണൂര്‍ 8 കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തിയത്.
ഇത്തരത്തില്‍ മത്സ്യം കൊണ്ടു വരുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006ലെ സെക്ഷന്‍ 50, 58, 59 അനുസരിച്ച് അഞ്ച് ലക്ഷം രൂപ പിഴയും സെക്ഷന്‍ 59 പ്രകാരം ആറുമാസം വരെ തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന ക്രിമിനല്‍ കുറ്റവുമാണ്.
മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിലുപയോഗിക്കുന്ന പെട്ടികള്‍ അണുവിമുക്തമാക്കിയിരിക്കണം. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലത്തിലുള്ളതായിരിക്കണം.
മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഗുരുതര കുറ്റമാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അതത് ജില്ലകളിലെ അസി. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന മത്സ്യം കണ്ടെത്തിയാല്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനും നിയമാനുസൃതം അത് നശിപ്പിച്ചു കളയുന്നതിനും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.