തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി സര്‍ക്കാര്‍ അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരത്തിലുള്ള അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ കെ. എസ്. എഫ്. ഇ സ്‌പോണ്‍സര്‍ ചെയ്യും. ഇവിടങ്ങളില്‍ ടെലിവിഷനുകള്‍ വാങ്ങുന്നതിനുള്ള ചെലവിന്റെ 75 ശതമാനം കെഎസ്‌എഫ്‌ഇ സബ്‌സിഡിയായിനല്‍കുമെന്നും മുഖ്യ മന്ത്രി അറിയിച്ചു .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം സംഭാവന നല്‍കിയതില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. അങ്ങനെ ഈ പഠനകേന്ദ്രങ്ങളെല്ലാം കെഎസ്‌എഫ്‌ഇ സ്‌പോണ്‍സര്‍ ചെയ്യും. ടെലിവിഷന്റെ 25 ശതമാനം ചെലവും കേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റു ചെലവുകളും തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കുകയോ സ്‌പോണ്‍സര്‍മാരെയോ കണ്ടെത്തണം. കുടുംബശ്രീ വഴി ലാപ്‌ടോപ്പുകള്‍ വാങ്ങുന്നതിനുള്ള ഒരു സ്‌കീം കെഎസ്‌എഫ്‌ഇ രൂപം നല്‍കുന്നുണ്ട്. കെഎസ്‌എഫ്‌ഇയുടെ മൈക്രോ ചിട്ടിയില്‍ ചേരുന്ന കുടുംബശ്രീ സിഡിഎസുകളിലാണ് ഈ സ്‌കീം നടപ്പാക്കുക.
ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യമില്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രതിസന്ധികളെ അവസരമാക്കുക, അത് ഫലപ്രദമായി നടപ്പിലാക്കുക എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാട് വിദ്യാഭ്യാസ മേഖലയില്‍ പ്രാവര്‍ത്തികമാവുകയാണ്.
സാധാരണ വര്‍ഷത്തേതു പോലെ ജൂണ്‍ ഒന്നിനു തന്നെ നമ്മുടെ അധ്യയന വര്‍ഷം ആരംഭിച്ചു. കുട്ടികളുടെ കയ്യും പിടിച്ച്‌ രക്ഷിതാക്കള്‍ സ്‌കൂളിലെത്തുന്ന പതിവ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഉണ്ടായില്ല. പകരം ഓണ്‍ലൈനായി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന പുതു രീതിയിലായിരുന്നു അധ്യയന വര്‍ഷാരംഭം.