ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ ആവർത്തിച്ച കെപിസിസി ഭാരവാഹിപ്പട്ടിക വൈകുന്നു. മുതിർന്ന നേതാക്കളുടെ അതൃപ്തിയും കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലുമാണ് പട്ടിക വൈകാന്‍ കാരണം. ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെക്കൂടി വിശ്വാസത്തിലെടുത്ത് ഉടന്‍ പട്ടിക പ്രഖ്യാപിക്കാനുളള ശ്രമത്തിലാണ് നേതാക്കള്‍.
അതൃപ്തരെ അനുനയിപ്പിക്കുന്നതിന് ഹൈക്കമാന്‍റ് ഇടപെടല്‍ തുടരുകയാണ്. എന്നാല്‍, മുതിർന്ന നേതാക്കളുടെ ആവശ്യങ്ങള്‍ പൂർണാർത്ഥത്തില്‍ ഹൈക്കമാന്‍റ് അംഗീകരിക്കുമോ അതോ നേതൃത്വം നല്‍കിയ പട്ടികക്ക് അതേപടി അംഗീകാരം നല്‍കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. മുതിർന്ന നേതാക്കളുടെ അതൃപ്തി പരിഹരിക്കാതെ ഹൈക്കമാന്‍റ് ഇനിയുമൊരു പരീക്ഷണത്തിന് മുതിരുമോയെന്നതും ഉറ്റുനോക്കപ്പെടുകയാണ്. എന്നാല്‍, ഗ്രൂപ്പുകളെ അപ്രസക്തമാക്കാനുളള നീക്കത്തിന് വഴങ്ങേണ്ടതില്ലെന്ന കടുത്ത നിലപാടില്‍ തുടരുകയാണ് മുതിർന്ന നേതാക്കള്‍.



