ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്‍ കുരങ്ങുകളില്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ആറ് കുരങ്ങുകളിലാണ് കൊറോണ വാക്‌സിന്‍ പരീക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് വിവരം.

ഒറ്റ ഷോട്ട് വാക്‌സിന്‍ നല്‍കിയ ചില കുരങ്ങുകള്‍ 14 ദിവസത്തിനുള്ളില്‍ കൊറോണ വൈറസിനെതിരെ ആന്റി ബോഡികള്‍ വികസിപ്പിച്ചു. കൂടാതെ 28 ദിവസത്തിനുള്ളില്‍ എല്ലാ സുരക്ഷിത ആന്റിബോഡികളും വികസിപ്പിച്ചെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. കുരങ്ങുകളുടെ ശ്വാസകോശത്തിനുണ്ടാകുമായിരുന്ന പരിക്കുകള്‍ തടയാന്‍ വാക്‌സിന് കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും വാക്‌സിന്‍ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ് സര്‍വകലാശാലയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പഠന ഫലം സംബന്ധിച്ച്‌ മേഖലയിലെ വിദഗ്ധരുടെ ശാസ്ത്രീയ അവലോകനങ്ങള്‍ ഇതുവരെ നടന്നിട്ടില്ല.