- ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: കോവിഡ് 19 മൂലം അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ഞായറാഴ്ചത്തെ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജ് കോവിഡ് മൂലം മരിച്ചവര്‍ക്കുള്ള സമര്‍പ്പണമായിരുന്നു. വാര്‍ത്താതലക്കെട്ടില്ലാതെയാണ് പത്രം പ്രസിദ്ധീകരിച്ചത്. ദിനപത്രത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം. കോവിഡ് 19 പാന്‍ഡെമിക്കിനെ തുടര്‍ന്നു മരിച്ചവരുടെ പേരുകള്‍ മാത്രമാണ് ഒന്നാം പേജില്‍ ഉള്‍ക്കൊള്ളിച്ചത്. ആയിരത്തോളം ഇരകളുടെ പേരുകള്‍ക്കായി ഞായറാഴ്ചത്തെ ഒന്നാം പേജും മൂന്ന് അകത്തെ പേജുകളും സമര്‍പ്പിച്ചുകൊണ്ട് ടൈംസ് സവിശേഷമായ രീതിയില്‍ കോവിഡിനെ കാണാന്‍ ശ്രമിച്ചു. ഫോട്ടോഗ്രാഫുകള്‍, വാര്‍ത്താ ലേഖനങ്ങള്‍, പരസ്യങ്ങള്‍ എന്നിവ ഇല്ലാത്ത ഒരു മുന്‍ പേജ് ഇതാദ്യമായാണ് ന്യൂയോര്‍ക്ക് ജനത കണ്ടത്. ‘യുഎസ് മരണങ്ങള്‍ 100,000 ന് സമീപം, കണക്കാക്കാനാവാത്ത നഷ്ടം’ എന്ന് പറയുന്ന ഒരു തലക്കെട്ടിന് കീഴില്‍ മരിച്ചവരുടെ മുന്‍ പേരുകളായിരുന്നു.
രാജ്യത്ത്, ജൂണ്‍ ആദ്യത്തോടെ കോവിഡ് മൂലം മരിക്കുന്നവര്‍ ഒരു ലക്ഷത്തിലെത്തുമെന്നായിരുന്നു, ഡേറ്റ വിശകലനത്തിലൂടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇതിനും ഒരാഴ്ചയ്ക്ക് മുന്‍പേ ഈ സംഖ്യയിലെത്തുമെന്ന് ഉറപ്പായി. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ആശങ്കപ്പെടുത്തുന്ന ഈ മരണനിരക്കിനെ പിടിച്ചു കെട്ടാന്‍കഴിയാതെ ഭരണകൂടവും വലയുകയാണ്. 98,740 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ 1,669,313 പേരാണ്. 17,049 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. പതിനൊന്നു ലക്ഷത്തിനു മുകളില്‍ രോഗികളാണ് ചികിത്സയിലുള്ളത്.
അതേസമയം, പള്ളികള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുഖംതിരിക്കുന്നു. ഇത്തരത്തില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതു തന്നെ തെറ്റാണെന്നാണ് അവരുടെ പക്ഷം. അതിനിടയ്ക്ക് മെമ്മോറിയല്‍ വാരാന്ത്യത്തിനായി കൂടുതല്‍ പേര്‍ നിരത്തിലിറങ്ങുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. മിക്ക സംസ്ഥാനങ്ങളും സ്റ്റേ അറ്റ് ഹോം ഉത്തരവ് ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. ഈ അവസരത്തിലാണ്, മതസ്ഥാപനങ്ങള്‍ അനിവാര്യമാണെന്ന് പ്രഖ്യാപിച്ച് ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ പ്രസിഡന്റ് ട്രംപ് യുഎസ് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദം ചെലുത്തിയത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നു.
ജര്‍മ്മനിയില്‍ പള്ളികള്‍ തുറന്നപ്പോള്‍ കൂടുതല്‍ അണുബാധകള്‍ ഉയര്‍ന്നുവന്നതാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുന്നു. ജര്‍മനിയില്‍, ആഴ്ചകളായി മതസേവനങ്ങള്‍ അനുവദിച്ചിരുന്ന ഫ്രാങ്ക്ഫര്‍ട്ടിലെ ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടത്തിയ സേവനത്തിനിടെ 40 പള്ളിയിലെ അംഗങ്ങള്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. അണുബാധയുണ്ടായ ഹെസ്സെ സംസ്ഥാനം പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പള്ളി സേവനങ്ങള്‍ അനുവദിക്കുകയാണ്. ആരാധകരോട് അഞ്ചടി അകലെ നില്‍ക്കണമെന്നും പള്ളികള്‍ക്ക് അണുനാശിനി എളുപ്പത്തില്‍ ലഭ്യമാകണമെന്നും ആവശ്യപ്പെടുന്നു. ഇപ്പോള്‍, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളില്‍ നടക്കുന്ന വാരാന്ത്യ സേവനങ്ങള്‍ ഓണ്‍ലൈനിലേക്ക് തിരികെ നീക്കി. പള്ളികളും സിനഗോഗുകളും വീണ്ടും തുറക്കാന്‍ ഫ്രാന്‍സ് ഞായറാഴ്ച താല്‍ക്കാലിക നടപടികള്‍ സ്വീകരിച്ചു. ആരാധനയെ പൊതുജനാരോഗ്യ നടപടികളുമായി അനുരഞ്ജിപ്പിക്കാന്‍ കഴിയുന്ന ഒരു മൗലിക സ്വാതന്ത്ര്യമെന്ന് വിശേഷിപ്പിച്ച് എട്ട് ദിവസത്തിനുള്ളില്‍ പള്ളികളും സിനഗോഗുകളും വീണ്ടും തുറക്കാന്‍ ഫ്രാന്‍സിലെ പരമോന്നത ഭരണ കോടതിയായ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് കഴിഞ്ഞ തിങ്കളാഴ്ച സര്‍ക്കാരിനോട് ഉത്തരവിട്ടു. പാരീസിലെ സെന്റ് ജെര്‍മെയ്ന്‍ഡെസ്‌പ്രെസ് ദേവാലയത്തിലെ റോമന്‍ കത്തോലിക്കാ ആരാധകര്‍ രണ്ടുമാസത്തിനുള്ളില്‍ ആദ്യമായി മടങ്ങിയെത്തി.
ജറുസലേമില്‍, രണ്ടുമാസത്തെ ലോക്ക്ഡൗണിനുശേഷം ഹോളി സെപല്‍ച്ചര്‍ ചര്‍ച്ച് വീണ്ടും തുറന്നു. വെസ്റ്റ് ബാങ്കില്‍ ഞായറാഴ്ച പുലര്‍ച്ചെ ആയിരക്കണക്കിന് ഫലസ്തീനികള്‍ തെരുവിലിറങ്ങി. പലസ്തീന്‍ അധികൃതര്‍ ഈദ് അല്‍ ഫിത്തറിനായി പള്ളികള്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രകടനക്കാര്‍ തെക്കന്‍ വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിലെ പലസ്തീന്‍ അതോറിറ്റിയുടെ ആസ്ഥാനത്തിന് മുന്നിലാണ് പ്രകടനം നടത്തിയത്. അമേരിക്കയില്‍ വാരാന്ത്യത്തില്‍ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നു സൂചനയുണ്ട്. ഫ്‌ലോറിഡയിലെ ഡേറ്റോണ ബീച്ചില്‍ വലിയ ജനക്കൂട്ടം ബീച്ചില്‍ ഇറങ്ങിയതായി പോലീസ് റിപ്പോര്‍ട്ടുണ്ട്.
സാമ്പത്തികപ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്ന തൊഴിലില്ലായ്മ കൂടുതല്‍ അപകടകരമായ വിധത്തില്‍ രാജ്യത്ത് വര്‍ദ്ധിക്കുന്നതായി സൂചനകള്‍. നിയന്ത്രണങ്ങള്‍ ഇളവുകള്‍ നല്‍കിയെങ്കിലും പലേടത്തും ബിസിനസ്സുകള്‍ പഴയരീതിയിലേക്ക് മടങ്ങിയിട്ടില്ല. അതിനായുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയാണ് പലര്‍ക്കും വെല്ലുവിളിയാവുന്നത്. ഇതിനെ മറികടക്കാനായി കൂടുതലാളുകള്‍ കൂട്ടം കൂടാന്‍ അനുവദിച്ചെങ്കിലു സെന്റര്‍ ഫോര്‍ ഡിസീസസ് പ്രിവന്‍ഷന്‍ സെന്ററിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ ഇരുട്ടടിയായിരിക്കുകയാണ്. മെയ് മാസത്തില്‍ തൊഴിലില്ലായ്മാ നിരക്ക് ജനസംഖ്യയുടെ 20% മുകളില്‍ എത്തുമെന്ന് വൈറ്റ് ഹൗസിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റ് കരുതുന്നു. മെയ് മാസത്തേക്കാള്‍ ജൂണില്‍ നിരക്ക് കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാല്‍ അതിനുശേഷം ഇത് കുറയാന്‍ തുടങ്ങുമെന്നും ഹാസെറ്റ് പറഞ്ഞു.
നവംബറില്‍ തൊഴിലില്ലായ്മ നിരക്ക് ഇരട്ട അക്കത്തില്‍ തുടരാന്‍ സാധ്യതയുണ്ടെങ്കിലും ഇപ്പോഴത്തേതിന്റെയത്രയും ഭീഷണി സൃഷ്ടിക്കാനിടയില്ലത്രേ. എന്നാല്‍ ‘സാമ്പത്തിക വീണ്ടെടുക്കലിന്റെ എല്ലാ ലക്ഷണങ്ങളും എല്ലായിടത്തും വൈകാതെ വ്യാപകമാകുമെന്ന്’ അദ്ദേഹം കരുതുന്നു. തൊഴിലില്ലായ്മ നിരക്ക് കുറയാന്‍ കുറച്ച് സമയമെടുക്കുമെന്നും ഒരു വാക്‌സിന്‍ വരുന്നതോടെ കാര്യങ്ങള്‍ മാറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സാമ്പത്തിക ഉത്തേജനത്തിന്റെ മറ്റൊരു ഘട്ടവുമായി ബന്ധപ്പെട്ട എല്ലാ ഓപ്ഷനുകളിലൂടെയും പ്രസിഡന്റ് ട്രംപ് കടന്നുപോകുകയാണെന്ന് ഹാസെറ്റ് പറഞ്ഞു.