റോം: വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഭീതിയില്‍ കഴിയുകയാണ് ലോകം. മരണസംഖ്യ ഒരുലക്ഷത്തിലേക്ക് കടക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കോവിഡ് ബാധിച്ച്‌ മരിച്ച ഇറ്റലിയില്‍ നിന്നും പുറത്തുവന്നത് സന്തോഷം പകരുന്നതും ഒപ്പം പ്രതീക്ഷയേകുന്നതുമായ ഒരു വാര്‍ത്തയാണ്.

കൊറോണ ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്ന 103 വയസുകാരി രോഗമുക്തയായി എന്നതാണ് ആ സന്തോഷവാര്‍ത്ത. കൊറോണ ബാധിച്ച്‌ പ്രായമായവരാണ് കൂടുതലും മരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്ബോള്‍ 103 വയസ്സുകാരി രോഗമുക്തയായത് ലോകത്തിന് പ്രതീക്ഷയേകുകയാണ്.

ഇറ്റലിയിലെ ഉത്തരമേഘലയിലുള്ള മരിയ ഗാസിയ നഴ്‌സിങ് ഹോമിലെ അന്തേവാസിയായ അടാ സനൂസോയാണ് കൊറോണയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ആ 103 വയസ്സുകാരി. ധൈര്യവും പ്രതീക്ഷയുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് സനൂസോ പറഞ്ഞു.

തനിക്ക് ഒരു ചെറിയ പനി വന്നു എന്നുമാത്രമാണ് തോനുന്നതെന്നും ഇപ്പോള്‍ ആരോഗ്യവതിയാണെന്നും സനൂസോ പറഞ്ഞു. മരുന്നുകള്‍ക്ക് ശരീരം പ്രതികരിക്കാതിരുന്നപ്പോള്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരുന്നു. പക്ഷെ, ഒരു ദിവസം അവര്‍ കണ്ണു തുറന്നശേഷം സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. സനൂസോയുടെ ഡോക്ടര്‍ പറയുന്നു.