വാഷിംഗ്ടൺ ഡിസി: യുഎസിലെ പാവപ്പെട്ടവർക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ മുൻ പ്രസിഡന്റ് ബറാക് ഒബാമ നടപ്പാക്കിയ അഫോർഡബിൾ കെയർ ആക്ട്(ഒബാമ കെയർ) നിർത്തലാക്കണമെന്ന് ട്രംപ് ഭരണകൂടം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കൊറോണ രോഗികളുടെ എണ്ണത്തിൽ റിക്കാർഡ് കുറിച്ച ദിവസം തന്നെയാണ് ഇതുണ്ടായത്. 40,401 കേസുകളാണ് വ്യാഴാഴ്ച സ്ഥിരീകരിക്കപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊറോണ രോഗം പിടിപെട്ടതും മരണം നടന്നതും യുഎസിലാണ്.
ഒബാമ കെയറിന്റെ നിശിത വിമർശകനാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒബാമ കെയറിലെ ചില വ്യവസ്ഥകൾ ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും അതുകൊണ്ട് പദ്ധതി മൊത്തത്തിൽ അസാധുവാക്കണമെന്നുമാണ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിപക്ഷ ഡെമോക്രാറ്റുകൾ ഈ നീക്കത്തെ നിശിതമായി വിമർശിച്ചു. കൊറോണ ദുരന്തത്തിനിടെ ജനങ്ങളുടെ ഉള്ള പരിരക്ഷ കൂടി ഇല്ലാതാക്കാനാണ് പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും ശ്രമിക്കുന്നതെന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസി പറഞ്ഞു.