തിരിച്ചെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്‍റൈന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. വിവിധങ്ങളായ പ്രശ്നങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവരെ പ്രത്യേകമായി തെരഞ്ഞെടുത്താണ് വന്ദേഭാരത് മിഷന്‍ വഴി നാട്ടിലെത്തിക്കുന്നത് എന്നിരിക്കെ ഇവരില്‍ നിന്ന് ക്വാറന്‍റൈന്‍ ഫീസ് കൂടി ഈടാക്കുകയെന്നത് വഞ്ചനയാണെന്ന് പ്രവാസികള്‍ പറയുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്ബത്തിക പ്രതിസന്ധിയിലായവര്‍, വിസിറ്റിങ് വിസയില്‍ ജോലി നോക്കാനെത്തി കുടുങ്ങിപ്പോയവര്‍, അടിയന്തര തുടര്‍ചികിത്സയ്ക്കായി നിര്‍ദേശിക്കപ്പെട്ട രോഗികള്‍, ഓണ്‍അറൈവല്‍ വിസയിലുള്ള ഗര്‍ഭിണികള്‍, ഇങ്ങനെ ഏറ്റവും ദുരിതമനുഭവിക്കുന്നവരെ തെരഞ്ഞെടുത്താണ് വന്ദേഭാരത് മിഷന്‍ വഴി ഈ ഘട്ടത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നത്. സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താല്‍ ടിക്കറ്റിനുള്ള പണമൊപ്പിച്ചാണ് ഇവരില്‍ പലരും വരുന്നതും. ഇത്തരക്കാരോട് ക്വാറന്‍റൈന്‍ ഫീസും വാങ്ങിക്കുകയെന്നെത് ക്രൂരതയാണെന്നാണ് പ്രവാസ ലോകത്തെ പൊതുവെയുള്ള വികാരം.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ പ്രവാസി ക്ഷേമ വിഭാഗങ്ങള്‍ വഴി പ്രശ്നത്തിന് പര‌ിഹാരം കാണാന്‍ ശ്രമിക്കാതെ ഒറ്റയടിക്ക് തീരുമാനമെടുത്തത് വഞ്ചനയാണെന്നാണ് പ്രവാസികളുടെ അഭിപ്രായം. പ്രവാസികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും പ്രവാസികള്‍ പറയുന്നു.

ഇനി ക്വാറന്റൈന്‍ സൗജന്യമല്ല; പണം നല്‍കണം

വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്കുള്ള സൗജന്യ ക്വാറന്റൈന്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി ഇന്നലെയാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ക്വാറന്‍റൈന്‍ ചെലവ് അവരവര്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനും അതിന് ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍റൈനും ആണ് നടപ്പാക്കി വരുന്നത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ ചെലവ് സര്‍ക്കാരാണ് വഹിച്ച്‌ വന്നിരുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ഏഴ് ദിവസത്തെ ചെലവ് അവര്‍ തന്നെ വഹിക്കണം. നിരവധി പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ല, ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും ആര്‍ക്കും ഇളവുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.