തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടത്താനുള്ള പുതിയ ടൈംടേബിളിന് വിദ്യാഭ്യാസ വകുപ്പ് രൂപംനല്‍കി. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തതിന് ശേഷമാകും പ്രഖ്യാപനം.

എസ്‌എസ്‌എല്‍സിക്ക് മൂന്നും ഹയര്‍സെക്കന്‍ഡറിക്ക് നാലും വിഎച്ച്‌എസ്‌സിക്ക് അഞ്ച് വിഷയങ്ങളിലുമാണ് പരീക്ഷകള്‍ നടക്കാനുള്ളത്. ഇതിനൊപ്പം തന്നെ പ്ലസ് വണ്‍ പരീക്ഷകളും നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞും ഹയര്‍സെക്കന്‍ഡറി പരീക്ഷ രാവിലെയുമാകും നടക്കുക. സാമൂഹിക അകലം പാലിക്കും വിധമാണ് പരീക്ഷ ഹാളിന്റെ ക്രമീകരണം. പരീക്ഷാകേന്ദ്രത്തില്‍ നിന്ന് അകന്ന് മറ്റുസ്ഥലങ്ങളിലായി പോയവര്‍ക്കും പരീക്ഷ എഴുതാന്‍ അവസരമൊരുക്കും. എത്താന്‍ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുന്‍കൂട്ടി അറിയിച്ചാല്‍മതി.