മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് 11 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു. രാവിലെ 10 മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ശിവശങ്കര്‍ രാത്രി വൈകിയാണ് പുറത്തിറങ്ങിയത്. അതേസമയം, ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ വീണ്ടും മൊഴി. യുണിടാക്കിന് എല്ലാ സഹായവും ചെയ്യാന്‍ ശിവശങ്കര്‍ പറഞ്ഞതായി വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയര്‍ മൊഴി നല്‍കി. പദ്ധതിയുടെ ഭാഗമായി കമ്മീഷന്‍ നല്‍കാമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സന്ദീപും, സരിത്തും പറഞ്ഞിരുന്നതായി യുണിടാക്കിലെ മുന്‍ ജീവനക്കാരനായ യദുവും മൊഴിനല്‍കി.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ എം ശിവശങ്കറിന് കൂടുതല്‍ കുരുക്കാകുന്നതാണ് വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന വനിത എഞ്ചിനീയറുടെ മൊഴി. ജൂലൈ 31 ന് ലൈഫ് മിഷനും റെഡ് ക്രെസന്റും കരാര്‍ ഒപ്പിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ശിവശങ്കര്‍ ഓഫീസിലെ ഫോണില്‍ വിളിച്ചത്.
പദ്ധതിയില്‍ നിര്‍മാണ ചുമതലയുള്ള യുണിടാക്കിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ചെയ്യണമെന്ന് എം ശിവശങ്കര്‍ പറഞ്ഞു. ശിവശങ്കര്‍ വിളിച്ചപ്പോഴാണ് യുണിടാക്കിനെ കുറിച്ച് അറിയുന്നതെന്നും എഞ്ചിനീയര്‍ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപില്‍ നിന്നും സരിത്തില്‍ നിന്നും കമ്മീഷന്‍ വാങ്ങി എന്ന് കരുതുന്ന യുണിടാക്കിലെ മുന്‍ ജീവനക്കാരന്‍ യദു സുരേന്ദ്രന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തി. സന്ദീപിന്റെ സുഹൃത്താണ് യദു. ആറ് ലക്ഷം രൂപ കമ്മീഷന്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും അത് ലഭിച്ചില്ലെന്നാണ് യദുവിന്റെ മൊഴി. ഈ മൊഴി വിജിലന്‍സ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.