ഇരിങ്ങാലക്കുട: എംപിമാർ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. കോൺഗ്രസ് ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് സംഘടിപ്പിച്ച, ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ നവതി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഇനിയും ചർച്ചകൾ നടക്കും. ഇനിയും ഒരു കൊല്ലം ബാക്കിയുണ്ട്. ചർച്ചകൾ ഇനിയും നടക്കും. കോൺഗ്രസിന്റെ തിരിച്ചുവരവിനായാണ് പരിശ്രമം. മുമ്പും തനിക്ക് കേരളത്തിൽ സ്വീകാര്യതയുണ്ടെന്നും തരൂർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
സ്വയം സ്ഥാനാര്‍ഥിത്വം ആരും പ്രഖ്യാപിക്കേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണോ എന്നും ആര് എവിടെ മത്സരിക്കണമെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. സ്വന്തം നിലയ്ക്ക് ആര്‍ക്കും തീരുമാനമെടുക്കാനാകില്ലെന്നും അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയെ അറിയിക്കട്ടെയെന്നും വി.ഡി. സതീശന് പറഞ്ഞു.