തിരുവനന്തപുരം: കേരളത്തില്‍ ചെറിയ തോതിലെങ്കിലും സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യവിദഗ്‌ധര്‍. നിലവിലെ സ്ഥിതി പരിഗണിച്ചാല്‍ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കോവിഡ് സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധസമിതി പറയുന്നത്. രോഗഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

സംസ്ഥാനത്ത് നടക്കുന്ന ആന്റിബോഡി ദ്രുതപരിശോധനയില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കണ്ടെത്തിയതായാണ് സൂചന. രോഗം വന്ന് ഒരു ചികിത്സയും തേടാതെ തന്നെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു ഐസിഎംആര്‍ നടത്തിയ സിറോ സര്‍വൈലന്‍സിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും കേരളത്തില്‍ ആശങ്ക പരത്തുന്നു.

സാമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും ദിവസമായി സമ്ബര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ നൂറിലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂണില്‍ മാത്രം 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെയാണ് വിദഗ്‌ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. 118 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം 115ല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ പുതുതായി സ്ഥിരീകരിക്കുന്നത്. നാലാം തവണയാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകിരച്ചവരുടെ എണ്ണം 100 കടന്നത്. ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇതിനു മുന്‍പ് നൂറിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ അഞ്ച്- 111,ജൂണ്‍ ആറ്- 108, ജൂണ്‍ ഏഴ്- 107 എന്നിങ്ങനെയായിരുന്നു കണക്കുകള്‍.