രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നതിന് കാരണം ഉത്സവ- ആഘോഷ വേളകളിൽ ജനങ്ങൾ കൂട്ടം കൂടുന്നതെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ. കേരളത്തിൽ ഓണാഘോഷത്തിന് ശേഷമാണ് രോഗവ്യാപനം രൂക്ഷമായതെന്നും എസ്ബിഐ റിസർച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി തന്റെ പ്രതിവാര പരിപാടിയായ സൺഡേ സംവാദിലൂടെ പറഞ്ഞു.
ആളുകൾ കൂട്ടംചേർന്നും ആഢംബരമായും ഉത്സവങ്ങൾ ആഘോഷിക്കണമെന്ന് ഒരു ദൈവവും മതവും ആവശ്യപ്പെടുന്നില്ല. ഉത്സവാഘോഷങ്ങൾ സംബന്ധിച്ച് മാർഗ രേഖ പുറത്തിറക്കിയിട്ടുണ്ട്. ഇത് ആരും പാലിക്കാത്തത് രോഗ വ്യാപനത്തിന് കാരണമാകുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കേസുകളിൽ വലിയ തോതിൽ വർധനവ് ഉണ്ടാകാനുള്ള പ്രധാന കാരണം ഓണാഘോഷത്തിന് ആളുകൾ കൂട്ടം കൂടിയതാണ്. ഇതേ തുടർന്ന് 60 ശതമാനം രോഗ വ്യാപന തോത് കഴിഞ്ഞ ആഴ്ചകളിൽ കേരലത്തിലുണ്ടായതായും മന്ത്രി വ്യക്തമാക്കി.
ഗണേശ ചതുർഥിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ കേരളത്തിന് പുറമേ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെയും രോഗവ്യാപനത്തിന് വലിയൊരു കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുൻ കരുതലുകളില്ലാത്ത പക്ഷം ദുർഗാ പൂജയ്ക്ക് ശേഷവും ഇത്തരത്തിൽ രോഗവ്യാപനം വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.