കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയെ ആദ്യ തവണ പാമ്ബ് കടിപ്പിച്ച സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അണലിയുടെ കടിയേറ്റ് ഉത്ര ഒന്നരമാസത്തിലേറെ ചികിത്സയില്‍ കഴിഞ്ഞ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നാണ് ചികിത്സാ വിവരങ്ങളും, ഉത്രയുടെ ശരീരത്തില്‍ കാണപ്പെട്ട മുറിവുകളും സംബന്ധിച്ച വിവരങ്ങള്‍ തേടിയത്. അണലിയുടെ കടിയേറ്റ് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഉത്രയ്ക്ക് ചികിത്സ നല്‍കിയതെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. ചികിത്സ വൈകിപ്പിച്ചത് അപായപ്പെടുത്തണമെന്ന ഉദ്ദേശത്താലായിരിക്കുമെന്ന് സംശയവും ഇവര്‍ ഉന്നയിച്ചു.
പാമ്പ് കടിയെ തുടര്‍ന്ന് ഉത്രയുടെ കാലില്‍ കാണപ്പെട്ട മുറിവുകളുടെ സ്ഥാനം സംശയം ജനിപ്പിച്ചിരുന്നുവെന്നും, എന്നാല്‍ വീട്ടുകാരാരും അത്തരം ഒരു സംശയം ഉന്നയിച്ചിരുന്നില്ല. പാമ്ബിനെ ഉപയോഗിച്ച് ആളെ കൊല്ലാന്‍ ശ്രമിക്കുമെന്നും ചിന്തിച്ചില്ല. കണങ്കാലിന് മുകളിലും മുട്ടിന് താഴെയുമായുള്ള കടിയാണ് സംശയത്തിനിടയാക്കിയത്. വീടിന് പുറത്ത് വച്ച് കടിയേറ്റതായാണ് ഉത്രയെ ആശുപത്രിയിലെത്തിച്ചവര്‍ പറഞ്ഞത്. നടന്നുപോകുന്ന ഒരാളെ അണലി കടിച്ചാല്‍ കാലില്‍ അത്രയും ഉയരത്തില്‍ കടിയേല്‍ക്കാറില്ല.
സ്വാഭാവികമായി അണലി കാലിനു മുകളിലേക്കു കയറി കടിക്കില്ല. എന്നാല്‍ ഉത്രയുടെ കാലിന്റെ ചിരട്ടഭാഗത്തിന് മുകളിലും, മുട്ടിന് താഴെയുമാണ് കടിയേറ്റത്. ഇതു സംശയം ജനിപ്പിക്കുന്നതാണ്. സൂരജ് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നതിനു നിര്‍ണായക തെളിവാണ് ഡോക്ടര്‍മാരുടെ മൊഴി.