തിരുവനന്തപുരം: കേരളത്തില്‍ കോവിഡ്-19 സാമൂഹ്യവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പല പാശ്ചാത്യരാജ്യങ്ങളേക്കാള്‍ മികച്ചതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തില്‍ സാമൂഹ്യവ്യാപമുണ്ടെന്ന ആരോപണങ്ങള്‍ തള്ളിയാണ് മുഖ്യമന്ത്രി ഇന്ന് രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട കണക്കുകളും മുഖ്യമന്ത്രി വിശദീകരിച്ചു.

“കേരളത്തില്‍ പ്രഥമ പരിഗണന നല്‍കിയത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്. ട്രേസ്, ക്വാറന്റെെന്‍ ഘട്ടങ്ങള്‍ക്കാണ് കേരളത്തില്‍ കൂടുതല്‍ പ്രധാന്യം നല്‍കിയത്. രോഗവ്യാപനം തടയുന്നതിനു വേണ്ടിയായിരുന്നു അത്. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടല്‍ കൊണ്ടാണ്. വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനമാണു നമ്മുടെ വലിയ ശക്തി. കോവിഡിന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്‌ടീവ് സംഖ്യ പരിശോധിച്ചാല്‍ നമ്മുടെ മികവറിയാം. ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് പകരുന്ന കണക്കാണിത്. ഒരാളില്‍ നിന്ന് മൂന്ന് പേരിലേക്ക് എന്നതാണ് ലോകത്തിലെ തന്നെ ശരാശരി കണക്ക്. എന്നാല്‍, കേരളത്തില്‍ ഇത് 0.45 മാത്രമാണ്. ഉത്ഭവം കണ്ടെത്താത്ത 30 കേസുകളാണ് കേരളത്തില്‍ ഉള്ളത്. എങ്കിലും സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല.” മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പുറത്തുനിന്ന് എത്തിയവര്‍. ചികിത്സയിലുള്ള 18 പേരുടെ ഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ്-14, മലപ്പുറം-14, തൃശൂര്‍-ഒന്‍പത്, കൊല്ലം-അഞ്ച്, പത്തനംതിട്ട-നാല്, തിരുവനന്തപുരം-മൂന്ന്, എറണാകുളം-മൂന്ന്, ആലപ്പുഴ-രണ്ട്, പാലക്കാട്-രണ്ട്, ഇടുക്കി-ഒന്ന് എന്നിങ്ങനെയാണ് ഇന്നത്തെ പോസിറ്റീവ് കേസുകള്‍. വിദേശത്തു നിന്ന് എത്തിയ 27 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 28 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എയര്‍ ഇന്ത്യയുടെ ഒരു സ്റ്റാഫിനും ഒരു ആരോഗ്യപ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 174 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 68,979 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 65,773 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. വിദേശരാജ്യങ്ങളില്‍ ഇന്നു മാത്രം 9 മലയാളികള്‍ മരിച്ചിട്ടുണ്ട്. ഇതോടെ വിദേശത്തു മരിക്കുന്ന മലയാളികളുടെ എണ്ണം 210 ആയി. ചികിത്സയിലുള്ള 18 പേരുടെ ഫലം നെഗറ്റീവ് ആയി. മലപ്പുറം-ഏഴ്, തിരുവനന്തപുരം-മൂന്ന്, കോട്ടയം-മൂന്ന്. പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ വീതം.

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി. എന്നാല്‍, രോഗവ്യാപനതോത് കൂടുതലുള്ള കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജൂണ്‍ 30 വരെ കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.