കൊല്‍ക്കത്ത : ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച ബംഗാളില്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാക്കാന്‍ സഹായിക്കുന്നതിന് സൈന്യത്തെ വിന്യസിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല. അതേസമയം, ദേശീയ ദുരന്ത നിവാരണസേന ബംഗാളില്‍ 10 ടീമുകളെക്കൂടി രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു. നിലവില്‍ സംസ്ഥാനത്ത് ഉംപുന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 26 ടീമുകളെക്കൂടാതെയാണ് 10 അധിക ടീമുകളെ വിന്യസിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളില്‍നിന്നായി നൂറിലധികം ടീമുകളാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനായി പൊട്ടിവീണ മരങ്ങള്‍ മുറിച്ചുമാറ്റുന്ന ജോലിയാണ് ആദ്യഘട്ടത്തില്‍ നടക്കുന്നതെന്നും സംസ്ഥാന ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഉംപുന്‍ കനത്ത നാശനഷ്ടം വിതച്ച ബംഗാളില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. സംസ്ഥാനത്തെ സ്ഥിതഗതികള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം 1000 കോടി ധനസഹായവും പ്രഖ്യാപിച്ചിരുന്നു.