തിരുവനന്തപുരം : ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കൊറോണ മാഹാമാരിയെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നില്‍ കണ്ട് അടിയന്തര തയ്യാറെടപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൊറോണക്കൊപ്പം കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഏതു മോശമായ സാഹചര്യവും നേരിടാന്‍ നാം തയ്യാറെടുത്തേ പറ്റൂ.
കൊറോണ വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ല. നാലുതരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി കാണുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് വേറെ, വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ ഇങ്ങനെ നാലു വിഭാഗങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.