സമൂഹത്തിൽ എല്ലാവരും തുല്യരാണെന്നും ഒബിസിയിൽ പെട്ട പല ഉന്നത രാഷ്ട്രീയക്കാരുടെയും ഭാര്യമാരുടെ ജാതി നോക്കിയാൽ അവരെല്ലാം നായന്മാരാണെന്ന് കാണാമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സമ്പന്നർക്ക് മാത്രമാണ് സംവരണത്തിന്റെ പ്രയോജനം ലഭിച്ചത്. ഓഡി കാറുകളിൽ യാത്ര ചെയ്യുന്ന പലരും ഇപ്പോഴും റിസർവേഷൻ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നു. അത് ന്യായീകരിക്കാനാകുമോ?. സംവരണത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇവിടെ ജാതി ഉയർന്നുവരുന്നത്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സാമ്പത്തിക സംവരണത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണം നിലനിൽക്കുന്നിടത്തോളം ഹിന്ദു ഐക്യം സാധ്യമല്ല. എന്നാൽ ഐക്യശ്രമങ്ങളെ അട്ടിമറിച്ചത് വെള്ളാപ്പള്ളിയാണ്. എൻ.എസ്.എസ് സ്ഥാപനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിന് എതിരല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. നായന്മാരിൽ നിന്ന് എൻഎസ്എസ് നികുതി പിരിക്കുന്നില്ല. പക്ഷേ, ഞാനും നിങ്ങളും ഉൾപ്പെടെ എല്ലാവരിൽ നിന്നും സർക്കാർ നികുതി പിരിക്കുകയാണ്. എൻ.എസ്.എസ് എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം നൽകുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു.