തിരുവനന്തപുരം:ഇന്ന് മുതല്‍ പോലീസിന്റെ പ്രവര്‍ത്തനത്തിന് അടിമുടി മാറ്റത്തിനു വേണ്ടി ഡിജിപിയുടെ ശുപാര്‍ശ. കോവിഡ് പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന രീതി അടിമുടി മാറ്റുന്ന മാര്‍ഗനിര്‍ദേശം ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു. ഇന്നു മുതല്‍ പുതിയ രീതി നടപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും യൂണിറ്റ് മേധാവികള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു തയാറാക്കിയത്. പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ :

നിത്യേനയുള്ള വാഹന പരിശോധന പാടില്ല.

ജാമ്യം ലഭിക്കുന്ന കേസില്‍ അറസ്റ്റ് വേണ്ട. ഗുരുതര കേസുകളില്‍ മാത്രം അറസ്റ്റ്.

ട്രാഫിക് ഡ്യൂട്ടി തിരക്കേറിയതും പ്രധാനപ്പെട്ടതുമായ സ്ഥലങ്ങളില്‍ മാത്രം.

7 ദിവസം ജോലി 7 ദിവസം വിശ്രമം എന്ന രീതി നടപ്പാക്കണം

ദിവസവും വൈകുന്നേരം പൊലീസുകാരുടെ ഡ്യൂട്ടി നിശ്ചയിച്ചു ഫോണിലൂടെ അറിയിക്കണം.

പൊലീസുകാര്‍ സ്റ്റേഷനില്‍ വരുന്നതിനു പകരം നേരിട്ടു ഡ്യൂട്ടി സ്ഥലത്ത് എത്തുക.

പരാതിക്കാരുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സ് വഴിയോ വിഡിയോ കോള്‍ വഴിയോ രേഖപ്പെടുത്തണം.

പൊലീസുകാരുടെ പരേഡ്, ക്ലാസുകള്‍, റോള്‍ കോള്‍ എന്നിവ ഒഴിവാക്കണം.

ഇനി ഉത്തരവ് ഉണ്ടാകുന്നതു വരെ വെള്ളിയാഴ്ച പരേഡ് വേണ്ട

സ്റ്റേഷനുകളില്‍ ഡ്യൂട്ടിയിലുള്ളവര്‍ സംഘം ചേര്‍ന്നു വിശ്രമിക്കാന്‍ പാടില്ല

ഡ്യൂട്ടി കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ അനുവദിക്കണം. മറ്റു സ്ഥലങ്ങളില്‍ പോകരുത്

ജോലിക്കനുസൃതമായി പൊലീസുകാര്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍ നല്‍കണം.

വ്യായാമം, യോഗ എന്നിവ ദിവസവും ചെയ്യാന്‍ ഉപദേശിക്കണം

കഴുകി വൃത്തിയാക്കിയ യൂണിഫോം ദിവസവും ധരിക്കണം.

രോഗമോ പനിയോ മറ്റോ വന്നാല്‍ ഉടന്‍ മേലുദ്യോഗസ്ഥരെ അറിയിക്കണം.

മേലുദ്യോഗസ്ഥര്‍ ദിവസേനയുള്ള നിര്‍ദേശം ഓണ്‍ലൈന്‍, വാട്സാപ്, എസ്‌എംഎസ് എന്നിവ വഴി നല്‍കണം.

സിസിടിവി, ക്യാമറ, ഹെല്‍പ് ലൈന്‍ എന്നിവയുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണം.

ജനമൈത്രി പൊലീസ് വീടുകളില്‍ കയറരുത്.