ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്. ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തും ഡോക്ടര്‍മാര്‍ പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഒപി ബഹിഷ്‌കരണം. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബദല്‍ ചികിത്സാ സംവിധാനമൊരുക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു.

58 തരം ശസ്ത്രക്രിയകള്‍ നടത്താന്‍ ആയുര്‍വേദ ബിരുദാനന്തര ബിരുദക്കാര്‍ക്ക് അനുമതി നല്‍കിയ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ നടപടിക്കെതിരെയാണ് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രതിഷേധം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഒപി ബഹിഷ്‌കരിക്കും.

കൊവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങളെ സമരം ബാധിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. കിടത്തി ചികിത്സയെ ബാധിക്കില്ലെങ്കിലും സ്വകാര്യ പ്രാക്ടീസ് ഉണ്ടാകില്ല. സിസിഐഎം നടപടി പൊതുജനാരോഗ്യത്തിന് എതിരെന്നും ആധുനിക വൈദ്യത്തെ തിരിച്ച് നടത്തുന്നതെന്നും ഐഎംഎ. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് അധ്യാപകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്ഭവന് മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും.

അതേസമയം സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. സമരം അനാവശ്യമെന്നും ആയുര്‍വേദ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ആരോഗ്യ സംരക്ഷണ ദിനമായി ആചരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.